ബ്രെഡിലും ബണ്ണിലും അമിതമായ രാസവസ്തുക്കളെന്ന് പഠനം
text_fieldsന്യൂഡല്‍ഹി: ബ്രഡ്, ബണ്‍, ബിസ്കറ്റ് എന്നിവയില്‍ ക്രമാതീതമായ അളവിൽ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്‍റ് നടത്തിയ ഗവേഷണത്തിലാണ് 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബേക്കറി ഉല്‍പന്നങ്ങളിലും ശരീരത്തിന് ഹാനികരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അംശമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന മൂലകമാണെന്ന് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൈറോയിഡ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന പൊട്ടാസ്യം അയേഡേറ്റ് നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള രാസപദാര്‍ഥമാണ്.
ബേക്കറി, ബ്രഡ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ചേരുവയായ ധാന്യപ്പൊടി തയാറാക്കുന്നതിലാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍, ആരോഗ്യത്തിന് ഹാനികരമായ ഇത്തരം രാസവസ്തുക്കള്‍ ഒഴിവാക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എക്സ്പേര്‍ട്ട് കമിറ്റി ഓണ്‍ ഫുഡ് ആഡിറ്റീവ്സ് താക്കീത് നല്‍കിയിട്ടുണ്ട്. ഭക്ഷണ പാദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് കലര്‍ത്തുന്നത് യൂറോപ്യന്‍ യൂനിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, സൗത്ത് കൊറിയ, പെറു തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. 2001ല്‍ ശ്രീലങ്കയിലും 2005 ല്‍ ചൈനയിലും ഇത് നിരോധിച്ചു.
വയറുവേദന, വയറിളക്കം, ഛര്‍ദി, വൃക്ക ക്ഷയം, കേള്‍വികുറവ്, തലകറക്കം, മൂത്രസംബന്ധമായ അസുഖങ്ങള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, വിഷാദം, ഞെരമ്പുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിങ്ങനെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന രാസഘടകമാണ് പൊട്ടാസ്യം ബ്രോമേറ്റ്. ബ്രെഡ് പോലുള്ള ആഹാരപദാര്‍ഥങ്ങളില്‍ ഇത് ചേരുന്നതു മൂലം ഭക്ഷ്യവസ്തുവിലെ പോഷകാംശങ്ങളും വിറ്റമിനുകളും കൊഴുപ്പും ക്രമാതീതമായി കുറയും. ബ്രോമേറ്റ് ചേരുമ്പോള്‍ ധാന്യപൊടിയിലടങ്ങിയിട്ടുള്ള ഫാറ്റി ആസിഡിന്‍റെ തോത് കുറയുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ ബ്രഡിലും ബേക്കറി ഉല്‍പന്നങ്ങളിലും അനുവദനീയമായ അളവില്‍ പൊട്ടാസ്യം ബ്രോമേറ്റ് അല്ളെങ്കില്‍ പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നല്‍കിയിട്ടുണ്ട്. 2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍റേഡ്സ് റെഗുലേഷന്‍സ് പ്രകാരം ഒരു കിലോ ഗ്രാം ബ്രെഡില്‍ 50 മില്ലി ഗ്രാം എന്നതാണ് പൊട്ടാസ്യം ബ്രോമേറ്റ് /പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാവുന്നതിന്‍റെ പരിധി. മറ്റു ബേക്കറി ഉല്‍പന്നങ്ങളില്‍ ഇത് ഒരു കിലോക്ക് 20 മില്ലി ഗ്രാം എന്ന തോതിലും ഉപയോഗിക്കാം. പുതിയ പഠനങ്ങളില്‍ ബ്രെഡ്, ബണ്‍ ഉല്‍പന്നങ്ങളിലും ബേക്കറി ഉല്‍പന്നങ്ങളിലുമെല്ലാം ഇത്തരം രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലാണെന്ന് കണ്ടത്തെിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.