പത്താൻകോട്ട് ആവർത്തിക്കാൻ തീവ്രവാദികൾ നീക്കമാരംഭിച്ചതായി റിപ്പോർട്ട്
text_fieldsചണ്ഡിഗഡ്: പത്താൻകോട്ട്, ഗുർദാസ്പുർ മാതൃകയിൽ വടക്കേന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ തീവ്രവാദ സംഘടനകൾ രഹസ്യ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതിനായി പാക് ചാരസംഘടന ഐ.എസ്.ഐയുടെയും തീവ്രവാദ സംഘടന ഇന്ത്യൻ മുജാഹിദീന്‍റെയും സഹായം ജെയ്ഷെ മുഹമ്മദ് തേടിയെന്നാണ് വിവരം. മെയ് 18ന് സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബ് സർക്കാറിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ പാക് ഒക്കാറ സ്വദേശിയും ജെയ്ഷെ കമാൻഡറുമായ അവൈസ് മുഹമ്മദിനെ മലേഷ്യയിലേക്ക് അയക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യ വെബ്സൈറ്റ് വാർത്ത പുറത്തുവിട്ടു. മലേഷ്യയിൽ നിന്ന് വ്യാജ പാസ്പോർട്ടിൽ അവൈസിനെ ഇന്ത്യയിൽ എത്തിക്കാനാണ് ജെയ്ഷെയുടെ പദ്ധതി.
ഇതിനിടെ, ജെയ്ഷെ മുഹമ്മദിന്‍റെ പുതിയ മൂന്ന് ഒാഫീസുകളിൽ പാകിസ്താനിലെ പഞ്ചാബിലും ഖൈബർ പക്തൂൺ മേഖലയിലും പ്രവർത്തനം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. കോഹാത്, ഹസാറ മേഖലകളിൽ ഒാഫീസും ശൃംഖലയും പുനർജീവിപ്പിക്കുകയാണ് ജെയ്ഷെയുടെ ലക്ഷ്യം.
പത്താൻകോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പാക് സർക്കാർ നിയോഗിച്ച സംയുക്ത അന്വേഷണ സമിതി ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശനം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബ് സർക്കാറിന് റിപ്പോർട്ട് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.