കാവേരിയില്‍ കേന്ദ്രം കരണംമറിഞ്ഞു
text_fieldsന്യൂഡല്‍ഹി: കര്‍ണാടക ഉറച്ചുനിന്നതോടെ കാവേരി വിഷയത്തില്‍ കരണംമറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കാവേരി പരിപാലന ബോര്‍ഡ് രൂപവത്കരണത്തിന് നിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ളെന്ന നിലപാടിലേക്ക് മാറി. സുപ്രീംകോടതിയുടെ നിര്‍ദേശം നിയമനിര്‍മാണസഭകളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് കര്‍ണാടകയുടെ വാദത്തെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. അതേസമയം, സുപ്രീംകോടതി ഉത്തരവുപ്രകാരം വെള്ളം വിട്ടുനല്‍കിയോ എന്ന കാര്യം ചൊവ്വാഴ്ച അറിയിക്കാന്‍ സുപ്രീംകോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടു. നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ കാവേരി ബോര്‍ഡ് രൂപവത്കരണ കാര്യത്തില്‍ സുപ്രീംകോടതിക്ക് അനുകൂലമായി നിന്ന മോദി സര്‍ക്കാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനെതിരെ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചപ്പോഴാണ് നേരെ വിപരീത നിലപാട് കൈക്കൊണ്ടത്.
കര്‍ണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി കാവേരി പരിപാലന ബോര്‍ഡ് രൂപവത്കരിക്കണമെന്ന നിര്‍ദേശം 2012ലെ ദേശീയ ജലനയത്തിന് വിരുദ്ധമാണെന്ന് പുനഃപരിശോധനാ ഹരജിയില്‍ കര്‍ണാടക ബോധിപ്പിച്ചിരുന്നു. ദേശീയ ജലനയമനുസരിച്ച് കര്‍ണാടകയുടെ കുടിവെള്ള ആവശ്യമാണ് തമിഴ്നാടിന്‍െറ കാര്‍ഷികാവശ്യത്തേക്കാള്‍ പ്രധാനമെന്നും കര്‍ണാടക വ്യക്തമാക്കി. സെപ്റ്റംബര്‍ 30ന് ബോര്‍ഡ് രൂപവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ സന്നദ്ധത സുപ്രീംകോടതിയെ അറിയിച്ചിരുന്ന അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ബോര്‍ഡുണ്ടാക്കി വിവരം ഒക്ടോബര്‍ നാലിനകം അറിയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഈ ബോര്‍ഡ് കാവേരി വൃഷ്ടിപ്രദേശം സന്ദര്‍ശിച്ച് ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും കേന്ദ്രം അന്ന് അംഗീകരിച്ചു. എന്നാല്‍, തിങ്കളാഴ്ച അടിയന്തരമായി കേസ് പരിഗണിച്ചപ്പോള്‍ പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് മുകുള്‍ റോത്തഗി രംഗത്തത്തെി.
ഭരണഘടനയുടെ 262ാം അനുച്ഛേദവും 1956ലെ അന്തര്‍ സംസ്ഥാന നദീജല നിയമത്തിലെ 11ാം വകുപ്പും കാവേരി ബോര്‍ഡ് പോലൊരു സംവിധാനത്തിന് നിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതിക്ക് അധികാരം നല്‍കുന്നില്ളെന്ന് വ്യക്തമാക്കി. അന്തര്‍ സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് നിയമനിര്‍മാണത്തിലൂടെ ഒരു ട്രൈബ്യൂണല്‍ രൂപവത്കരിച്ചാല്‍ സുപ്രീംകോടതിക്ക് പിന്നീട് ആ വിഷയത്തില്‍ ഇടപെടാനാകില്ളെന്നും റോത്തഗി വാദിച്ചു. അതിനാല്‍ 2007ലെ കാവേരി നദീജല കേസിലെ അന്തിമ ഉത്തരവിനുശേഷം ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും സുപ്രീംകോടതി സ്വീകരിക്കരുതായിരുന്നെന്ന് അദ്ദേഹം തുടര്‍ന്നു. സുപ്രീംകോടതി നിര്‍ദേശിച്ച കാവേരി പരിപാലന ബോര്‍ഡ് കാവേരി ട്രൈബ്യൂണലിന്‍െറ ഒരു ഉത്തരവായിരുന്നില്ളെന്നും ഒരു ശിപാര്‍ശ മാത്രമായിരുന്നെന്നും റോത്തഗി പറഞ്ഞപ്പോള്‍ താങ്കള്‍ കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ ഉത്തരവ് അംഗീകരിച്ചതാണല്ളോ എന്ന് ജസ്റ്റിസ് ദീപക് മിശ്ര തിരിച്ചടിച്ചു. ഭരണഘടനയുടെ 262ാം അനുച്ഛേദത്തിന് കേന്ദ്രം നല്‍കിയ വ്യാഖ്യാനം തെറ്റാണെന്നും ജസ്റ്റിസ് മിശ്ര കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ 136ാം അനുച്ഛേദപ്രകാരം ഒരു സംസ്ഥാന സര്‍ക്കാറിന് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവകാശം ഭരണഘടനയുടെ 262ാം അനുച്ഛേദം എങ്ങനെയാണ് എടുത്തുകളയുന്നതെന്ന് ചോദിച്ചു.
കേസ് അടിയന്തരമായി ചൊവ്വാഴ്ച പരിഗണിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ ആവശ്യം തമിഴ്നാട് സര്‍ക്കാറിന്‍െറ അഭിഭാഷകന്‍ ശേഖര്‍ നാഫഡെ എതിര്‍ത്തു.
ആറിന് കേസ് പരിഗണിക്കാനിരിക്കേ നാലിന് അടിയന്തരമായി പരിഗണിക്കേണ്ട കാര്യമില്ളെന്ന് ചൂണ്ടിക്കാട്ടിയ നാഫഡെ സെപ്റ്റംബര്‍ 30ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഒരു തുള്ളി വെള്ളംപോലും കര്‍ണാടക നല്‍കിയിട്ടില്ളെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് കര്‍ണാടക അഭിഭാഷകനുനേരെ തിരിഞ്ഞ് നിങ്ങള്‍ വെള്ളം കൊടുത്തോ എന്നായി ജസ്റ്റിസ് മിശ്ര. ഇല്ളെന്നും പുനഃപരിശോധനാ ഹരജി നല്‍കിയിരിക്കുകയാണെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഉത്തരവ് മാനിക്കാതെയാണോ പുനഃപരിശോധനാ ഹരജി എന്ന് ചോദിച്ച് കര്‍ണാടകയെ വിമര്‍ശിച്ച സുപ്രീംകോടതി വിധി മാനിക്കണമെന്ന് ഓര്‍മിപ്പിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കുമ്പോള്‍ ഇക്കാര്യം അറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.