കാവേരി: തമിഴ്നാട്–കര്‍ണാടക ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു
text_fieldsകോയമ്പത്തൂര്‍: കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഒരു മാസക്കാലമായി നിര്‍ത്തിവെച്ച ബസ് സര്‍വിസ് വെള്ളിയാഴ്ച പൂര്‍ണ തോതില്‍ പുനരാരംഭിച്ചു.
സെപ്റ്റംബര്‍ അഞ്ചിന് രാത്രി മുതലാണ് തമിഴ്നാട്ടില്‍നിന്ന് കര്‍ണാടകയിലേക്കുള്ള ബസ് സര്‍വിസ് നിര്‍ത്തിവെച്ചത്. 12ന് ബംഗളൂരുവിലും മറ്റുമായി തമിഴ്നാട്ടില്‍നിന്നുള്ള നിരവധി ബസുകളും ലോറികളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഇതോടെ അന്തര്‍ സംസ്ഥാന വാഹന ഗതാഗതം പൂര്‍ണമായും നിലക്കുകയായിരുന്നു.
വ്യാഴാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ സേലം, കൃഷ്ണഗിരി, ഒസൂര്‍ എന്നിവിടങ്ങളില്‍നിന്ന് ബംഗളൂരുവിലേക്ക് ബസ് സര്‍വിസ് നടത്തി. പിന്നീട് കോയമ്പത്തൂര്‍, ചെന്നൈ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍നിന്ന് ബസ് സര്‍വിസുകള്‍ ആരംഭിച്ചു. വെള്ളിയാഴ്ച മുതല്‍ ദിനംപ്രതി തമിഴകത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍നിന്നായി ബംഗളൂരുവിലേക്ക് മൊത്തം 710 ബസ് സര്‍വിസുകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതേപോലെ കര്‍ണാടകയില്‍നിന്ന് തമിഴകത്തിലേക്കും ബസ് സര്‍വിസുകള്‍ നടത്തുന്നുണ്ട്. മേട്ടൂര്‍, പാലാര്‍ വഴി മൈസൂരിലേക്കും സത്യമംഗലം, ബണ്ണാരി വഴി സാംരാജ് നഗര്‍, കൊള്ളേഗല്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബസ് സര്‍വിസ് ആരംഭിച്ചു. പൂജ അവധി ദിനങ്ങളില്‍ ബസ് സര്‍വിസ് പുനരാരംഭിച്ചത് പൊതുജനങ്ങളില്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.