കശ്മീരിലേക്ക് 35 അംഗ സര്‍വകക്ഷി സംഘം
text_fieldsന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിന് അയവുവരുത്താനുള്ള അനുനയ സംഭാഷണങ്ങള്‍ക്ക് ഞായറാഴ്ച ശ്രീനഗറിലേക്ക് പുറപ്പെടുന്നത് 35 അംഗ സംഘം. ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ മറ്റു മൂന്നു കേന്ദ്രമന്ത്രിമാരും വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളുമുണ്ട്.
ഇതിനുപുറമെ, മുസ്ലിം നേതാക്കളുടെ ഒരു സംഘത്തെ കശ്മീരിലേക്ക് അയക്കുന്നതിനും സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. സര്‍വകക്ഷി സംഘത്തിന്‍െറ അന്തിമ പട്ടികയായിട്ടില്ല. എന്നാല്‍, കാബിനറ്റ് മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രാംവിലാസ് പാസ്വാന്‍, പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് എന്നിവരും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജനതാദള്‍-യു നേതാവ് ശരദ്യാദവ് എന്നിവര്‍ സംഘത്തിലുണ്ട്.
ഡി. രാജ-സി.പി.ഐ, സൗഗത റോയ്-തൃണമൂല്‍ കോണ്‍ഗ്രസ്, അസദുദ്ദീന്‍ ഉവൈസി-അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍, താരിഖ് അന്‍വര്‍-എന്‍.സി.പി, ബദ്റുദ്ദീന്‍ അജ്മല്‍-എ.ഐ.യു.ഡി.എഫ്, സഞ്ജയ് റാവത്ത്-ശിവസേന തുടങ്ങിയവരും സംഘത്തില്‍ അംഗങ്ങളാണ്. സമാജ്വാദിപാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവ പ്രതിനിധികളുടെ പേര് സര്‍ക്കാറിന് ഇനിയും നല്‍കിയിട്ടില്ല. ഹുര്‍റിയത് കോണ്‍ഫറന്‍സും മറ്റു വിഘടിത വിഭാഗം നേതാക്കളുമായി സര്‍വകക്ഷി സംഘം സംഭാഷണം നടത്തണമെന്ന താല്‍പര്യം വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
രണ്ടു ദിവസം കശ്മീരില്‍ തങ്ങി വിവിധ വിഭാഗങ്ങളുമായി സംസാരിക്കുന്നതിനാണ് സര്‍വകക്ഷി സംഘത്തിന്‍െറ പരിപാടി. ഈ സംഘത്തിന്‍െറ ഭാഗമല്ലാതെതന്നെ മറ്റൊരു ദൗത്യസംഘമെന്ന നിലയില്‍ മുസ്ലിം പ്രതിനിധികളായി ഏതാനും പേരെ അയക്കുന്നതിന് കേന്ദ്രം ശ്രമിക്കുന്നുണ്ട്. മുന്‍ രാജ്യസഭാംഗം ഷാഹിദ് സിദ്ദീഖി, ജമ്മു-കശ്മീര്‍ മുന്‍മധ്യസ്ഥന്‍ എം.എം. അന്‍സാരി, പ്രതിരോധ രംഗത്ത് വിദഗ്ധനായ ഖമര്‍ ആഘ, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സഫറുല്‍ ഇസ്ലാംഖാന്‍ എന്നിവരുടെ പേരുകള്‍ ഇക്കൂട്ടത്തില്‍ പരിഗണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.