വിഴിഞ്ഞം തുറമുഖത്തിന് ഹരിത ട്രൈബ്യൂണലിന്‍റെ അനുമതി
text_fieldsന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി അനുമതി ചോദ്യംചെയ്ത് മത്സ്യത്തൊഴിലാളികള്‍ സമര്‍പ്പിച്ച ഹരജികളെല്ലാം ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെഞ്ച് തള്ളിയതോടെ പദ്ധതിക്കുള്ള മുഴുവന്‍ നിയമതടസ്സങ്ങളും നീങ്ങി. വനം പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പദ്ധതിക്ക് പരിസ്ഥിതി അനുമതിയും തീര നിയന്ത്രണമേഖലാ അനുമതിയും നല്‍കുമ്പോള്‍ നിഷ്കര്‍ഷിച്ച ഉപാധികള്‍ പാലിച്ചാല്‍ മതി. ഇവ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.
കേന്ദ്രസര്‍ക്കാറും തുറമുഖ കമ്പനിയും സമര്‍പ്പിച്ച രണ്ട് ഹരജികള്‍ സുപ്രീംകോടതിയിലുണ്ടെങ്കിലും അത് തുറമുഖത്തിന് അനുകൂലമായതിനാല്‍ നിര്‍മാണത്തെ ബാധിക്കില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിനെതിരെ വില്‍ഫ്രഡ് ജെ. ജോസഫ് വിജയന്‍, ആന്‍േറാ ഏലിയാസ് എന്നിവര്‍ സമര്‍പ്പിച്ച നാല് ഹരജികള്‍ തള്ളിയാണ് നിലവിലുള്ള ഉപാധികളുമായി വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ചത്.
2013 നവംബറില്‍ ചേര്‍ന്ന പരിസ്ഥിതി വിദഗ്ധസമിതി ഹരജിക്കാരുന്നയിച്ച എല്ലാ പരാതികളും പരിശോധിച്ചതാണെന്നും അതിന് കൃത്യമായ മറുപടി നല്‍കിയതാണെന്നും ട്രൈബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് വിദഗ്ധസമിതി യോഗത്തിന്‍െറ മിനുട്സ് പൂര്‍ണമായും വിധിയിലുള്‍പ്പെടുത്തുകയും ചെയ്തു. ഈ വ്യവസ്ഥകള്‍ ഏതെങ്കിലും തരത്തില്‍ ലംഘിച്ചാല്‍ പദ്ധതിക്കുള്ള പരിസ്ഥിതി അനുമതിയെ ബാധിക്കില്ല. അതേസമയം, അത്തരം ഘട്ടത്തില്‍ പരിസ്ഥിതി നാശത്തിനുള്ള നഷ്ടപരിഹാരം അടക്കമുള്ള ശിക്ഷാനടപടി കൈക്കൊള്ളുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
വിഴിഞ്ഞത്ത് ഉയര്‍ന്നതോതില്‍ കര, കടലെടുക്കുന്നത് സംബന്ധിച്ച വാദം ശരിയല്ല. നിര്‍ദിഷ്ട തുറമുഖത്തിന്‍െറ സ്ഥലത്ത് കര സുസ്ഥിരമാണെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. തന്ത്രപ്രധാനമുള്ള സ്ഥാനത്തായതിനാല്‍ നാവികസേനയും തീരസംരക്ഷണ സേനയും പദ്ധതിയെ അനുകൂലിച്ച് ട്രൈബ്യൂണലിനെ സമീപിച്ച കാര്യം വിധിയില്‍ ചൂണ്ടിക്കാട്ടി. 100 കപ്പലുകള്‍ ദിനേന കടന്നുപോകുന്ന അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍നിന്ന് കേവലം 18 കി.മീറ്റര്‍ മാത്രം അകലെയാണ് തുറമുഖം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അയല്‍രാജ്യങ്ങളുടേതടക്കം വിദേശ കപ്പലുകളുടെ സാന്നിധ്യം ഏറുന്നതിനാല്‍ പദ്ധതി ദേശസുരക്ഷക്ക് അനിവാര്യമാണെന്ന് ഇരുകൂട്ടരും ചൂണ്ടിക്കാട്ടിയെന്നും ട്രൈബ്യൂണല്‍ തുടര്‍ന്നു.
കടല്‍തീരത്തുള്ള സ്വാഭാവിക പാറക്കെട്ടുകള്‍ മാറ്റുന്നതിനായി തീരദേശ സംരക്ഷണ മേഖല വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയെന്ന മത്സ്യത്തൊഴിലാളികളുടെ വാദവും അംഗീകരിച്ചില്ല. പദ്ധതിക്ക് ഇതിലും അനുയോജ്യമായ മറ്റു സ്ഥലങ്ങളുണ്ടെന്നും അവിടേക്ക് മാറ്റണമെന്നുമുള്ള ഹരജിക്കാരുടെ വാദം വിഴിഞ്ഞത്തിന്‍െറ ആറ് അനുകൂലഘടകങ്ങളാല്‍ അംഗീകരിക്കാനാവില്ളെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. അറ്റ്ലാന്‍റിക്-ഫാര്‍ ഈസ്റ്റ്, മിഡ്ല്‍ ഈസ്റ്റ്-ഫാര്‍ ഈസ്റ്റ് എന്നീ അന്താരാഷ്ട്ര കപ്പല്‍പാതകള്‍ക്ക് അടുത്ത പദ്ധതിസ്ഥലം, ശ്രീലങ്കയില്‍ ചൈന നിയന്ത്രിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനു സമീപമുള്ള മറ്റൊരു പ്രധാനകേന്ദ്രം, 18 മീറ്ററില്‍ കൂടുതല്‍ സ്വാഭാവിക ആഴമുള്ള സ്ഥലമായതിനാല്‍ വലിയ കപ്പലുകള്‍ അടുപ്പിക്കുന്നതിനു വലിയ മാറ്റങ്ങളുണ്ടാക്കേണ്ട കാര്യമില്ല, വര്‍ഷംതോറും ഡ്രഡ്ജിങ് നടത്തുന്നതിനു വലിയതോതിലുള്ള പ്രവര്‍ത്തനം ആവശ്യമില്ല, പദ്ധതി പ്രദേശത്ത് വലിയതോതിലുള്ള ജനവാസവുമില്ല തുടങ്ങിയവയാണ് ഈ അനുകൂല ഘടകങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.