കശ്മീര്‍: ചര്‍ച്ചകള്‍ക്ക് മുന്നില്‍ വാതിലടച്ചത് മനുഷ്യത്വമില്ലാത്തവര്‍- രാജ്നാഥ് സിങ്
text_fieldsശ്രീനഗര്‍: കശ്മീരില്‍ സമാധാന ചര്‍ച്ചക്ക് തയാറാവാതിരുന്നവര്‍ മനുഷ്യത്വമില്ലാത്തവരെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സര്‍വകക്ഷി സംഘത്തിലെ ഇടത് അംഗങ്ങളുമായി ചര്‍ച്ചക്ക് തയാറാകാതിരുന്ന വിഘടനവാദി നേതാക്കളുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ സമാധാനത്തിന് ആരുമായും ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍ ചര്‍ച്ചാ ശ്രമങ്ങളെ തള്ളിയ വിഘടനവാദികള്‍ കശ്മീരികളോ മനുഷ്യത്വമുള്ളവരോ അല്ല. അവര്‍ ചര്‍ച്ചകളിലോ ജനാധിപത്യത്തിലോ വിശ്വസിക്കുന്നില്ളെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
വ്യക്തിപരമായാണ് പല നേതാക്കളും ഹുറിയത് നേതാക്കളെ സന്ദര്‍ശിക്കാനത്തെിയത്. സമാധാന ചര്‍ച്ചകള്‍ക്കായി വിഘടനവാദി നേതാക്കളെ സ്വന്തം നിലക്ക് ചര്‍ച്ചക്ക് ക്ഷണിക്കാമെന്നത് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തീരുമാനമായിരുന്നു. സര്‍വകക്ഷി സംഘത്തില്‍നിന്ന് മാറി വ്യക്തിപരമായി സംഭാഷണത്തിന് അനുവദിക്കണമെന്ന സീതാറാം യെച്ചൂരി, ശരദ് യാദവ്, അസദുദ്ദീന്‍ ഉവൈസി, ഗോപാല്‍ നാരായണന്‍, ഡി. രാജ, ഫയാസ് മിര്‍ എന്നീ ആറ് ദേശീയ നേതാക്കളുടെ അഭ്യര്‍ഥനയും ഹുര്‍റിയത് തള്ളിയിരുന്നു. ഇതിനെതിരെയാണ് സംഘത്തെ നയിച്ച ആഭ്യന്തരമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ചത്.
കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് ആരുമായും ഏതു തരത്തിലുള്ള ചര്‍ച്ചക്കും തയാറാണ്. ചര്‍ച്ചക്കുള്ള വാതിലുകള്‍ മാത്രമല്ല എല്ലാ പഴുതുകളും കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തില്‍ പാര്‍ലമെന്‍റാണ് രാജ്യത്തെ ഏറ്റവും വലിയ പഞ്ചായത്ത്. കശ്മീര്‍ താഴ്വരയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെന്തും ചെയ്യന്നുണ്ട്. കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കും. സര്‍വകക്ഷി സംഘത്തിന്‍്റെ 24 മണിക്കൂര്‍ സന്ദര്‍ശനത്തിനിടെ കശ്മീരിലെ സാധാരണ ജനങ്ങളില്‍ നിന്നും പ്രതിനിധികളില്‍ നിന്നുമായി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
കശ്മീരില്‍ പെല്ലറ്റ് ഗണ്ണിനു പകരം 1000 ത്തോളം പാവ ഷെല്ലുകള്‍ ശ്രീനഗറില്‍ എത്തിച്ചിട്ടുണ്ട്. ഇനിമുതല്‍ മുളക് പൊടി ഉപയോഗിക്കുന്ന പാവ ഷെല്ലുകളാകും കശ്മീരില്‍ ഉപയോഗിക്കുക. ഇത് ആളുകളുടെ ജീവനെ അപായപ്പെടുത്തില്ളെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസര്‍ക്കാറിന് കേന്ദ്രത്തിന്‍റെ എല്ലാ വിധ പിന്തുണയുമുണ്ട്. സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളും പരാതികളും പരിഗണിക്കുന്നതിന് കേന്ദ്രമന്ത്രാലയത്തിന്‍റെ കീഴില്‍ നോഡല്‍ ഏജന്‍സി പ്രവര്‍ത്തിപ്പിക്കുമെന്നും രാജ്നാഥ് സിങ് അറിയിച്ചു. കശ്മീരിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ 30 അംഗ സര്‍വകക്ഷി സംഘം ഇന്ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.