അരുണാചലിൽ പ്രശ്നങ്ങൾ തീരുന്നില്ല; രാജി വെക്കില്ലെന്ന് ഗവർണർ
text_fieldsഇറ്റാനഗർ: താൻ രാജിവെക്കുന്ന പ്രശ്നമില്ലെന്ന് അരുണാചൽ ഗവർണർ ജ്യോതി പ്രസാദ് രാജ്കോവ. താൻ സ്വയം രാജിവെക്കില്ല, വേണമെങ്കിൽ രാഷ്ട്രപതി തന്നെ പുറത്താക്കട്ടെ എന്ന നിലപാടിലാണ് ഗവർണർ. രാജി വെക്കണമെന്ന് ഗവർണർക്ക് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര മന്ത്രിസഭയിലെ ഒരു സഹമന്ത്രിയാണ് ആരോഗ്യകാരണങ്ങളാൽ രാജിവെക്കണമെന്ന് ഗവർണറോട് വാക്കാൽ ആവശ്യപ്പെട്ടത് എന്നാണ് അറിയുന്നത്.
രാജിവെക്കാൻ ആവശ്യപ്പെട്ടത് തനിക്ക് വേദനയും നാണക്കേടും ഉണ്ടാക്കിയെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ഭരണഘടനാ പദവി വഹിക്കുന്ന ഒരാളോടുള്ള പെരുമാറ്റം തന്നെ ഞെട്ടിപ്പിക്കുന്നു. ഇത്തരം നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടത് രാഷ്ടപതിയാണെന്നും ഗവർണർ പറഞ്ഞു.
രാജിവെക്കാനാവശ്യപ്പെട്ട് രണ്ടു തവണ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഫോൺകോളുകൾ വന്നിരുന്നുവെന്ന് ഗവർണറുടെ പി.ആർ.ഒ സ്ഥിരീകരിച്ചു. സംഭവത്തിൽ സ്ഥിരീകരണമാവശ്യപ്പെട്ട് രാജ്നാഥ് സിങ്ങിനെ സമീപിച്ച രാജ്കോവയോട് ആഭ്യന്തര മന്ത്രി രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വിവരം.
ആഴ്ചകൾക്ക് മുൻപാണ് വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചലിൽ ഏറെ വിവാദങ്ങളുയർത്തി കേന്ദ്രം പുറത്താക്കിയ കോൺഗ്രസ് സർക്കാരിനെ കോടതി പുന:സ്ഥാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കിയ ഗവർണറെ സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. അരുണാചല്‍ പ്രദേശില്‍ കേന്ദ്രസര്‍ക്കാറിന്‍റെ അട്ടിമറി ശ്രമങ്ങള്‍ക്ക് കൂട്ടുനിന്ന് പ്രവര്‍ത്തിച്ച ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്കോവ രാജിവെക്കുകയോ, അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഗവർണറെ മാറ്റാൻ കേന്ദ്രം നീക്കം നടത്തിയത് എന്നാണ് സൂചന.
അരുണാചൽ മുഖ്യമന്ത്രിയായി ചുമതലേയേറ്റെടുത്ത പെമ ഖണ്ഡുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലും തുടർന്ന് ആഗസ്റ്റ് 3ന് നടന്ന മന്ത്രിസഭ വികസനത്തിലും ആരോഗ്യകാരണങ്ങളാൽ ഗവർണർ പങ്കെടുത്തിരുന്നില്ല.
ബി.ജെ.പി പിന്താങ്ങിയ വിമത നേതാവ് കാലിഖോ പുളിനെ ആഗസ്റ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതും സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.