കാവേരി: കര്‍ണാടകയില്‍ പ്രതിഷേധം തുടരുന്നു
text_fields
ബംഗളൂരു: തമിഴ്നാടിന് കാവേരിജലം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം തുടരുന്നു. രണ്ടാംദിനവും മാണ്ഡ്യയിലെ വിവിധയിടങ്ങളില്‍ ദേശീയപാത ഉപരോധത്തെ തുടര്‍ന്ന് ബംഗളൂരു-മൈസൂരു ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ബംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കും തമിഴ്നാട്, കേരളം എന്നിവിടങ്ങളിലേക്കുമുള്ള 500ഓളം ബസുകളാണ് കര്‍ണാടക ആര്‍.ടി.സി റദ്ദാക്കിയത്. കേരള ആര്‍.ടി.സിയുടെ പകല്‍ സര്‍വിസുകളും ഓടിയില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് ബംഗളൂരുവിലേക്കുവന്ന ബസുകള്‍ മൈസൂരുവില്‍ യാത്ര അവസാനിപ്പിച്ചു. സ്വകാര്യ വാഹനങ്ങളും സമരക്കാര്‍ കടത്തിവിട്ടില്ല.
മാണ്ഡ്യയില്‍ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ആറ് ലോറികളുടെ ചില്ലുകള്‍ തകര്‍ത്തു. കടകള്‍ ബലമായി അടപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസത്തേക്കുകൂടി അവധി നല്‍കി. സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് തമിഴ്നാടിന് കാവേരി നദിയിലെ ജലം വിട്ടുകൊടുത്തതോടെയാണ് കര്‍ഷകരുടെയും കന്നട അനുകൂല സംഘടനകളുടെയും പ്രതിഷേധം വീണ്ടും ശക്തമായത്. കൃഷ്ണരാജ (കെ.ആര്‍.എസ്), കബനി, ഹേമാവതി, ഹാരംഗി അണക്കെട്ടുകളില്‍നിന്ന് രണ്ടുദിവസത്തിനിടെ 18,000 ഘന അടിവെള്ളമാണ് തമിഴ്നാടിന് വിട്ടുകൊടുത്തത്. പത്തു ദിവസത്തേക്ക് പ്രതിദിനം 15,000 ഘന അടി വെള്ളം വീതം വിട്ടുകൊടുക്കണമെന്നാണ് സുപ്രീംകോടതിയുടെ തിങ്കളാഴ്ചത്തെ ഇടക്കാല ഉത്തരവ്.
ചെന്നൈ ഉള്‍പ്പെടെ തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ബസ് സര്‍വിസുകളും തടസ്സപ്പെട്ടു. തമിഴ്നാട്ടില്‍നിന്നുള്ള സ്വകാര്യ വാഹനങ്ങളൊന്നും കര്‍ണാടകത്തിലേക്ക് കടത്തിവിടുന്നില്ല. ബംഗളൂരു, ബെളഗാവി എന്നിവിടങ്ങളില്‍ കര്‍ണാടക രക്ഷണ വേദികെ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. വെള്ളിയാഴ്ചത്തെ ബന്ദിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പെരുന്നാള്‍, ഓണം തിരക്ക് കണക്കിലെടുത്ത് വെള്ളിയാഴ്ച പുറപ്പെടുന്ന കേരള ആര്‍.ടി.സിയുടെ 52 ബസുകളിലെയും ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നിട്ടുണ്ട്. വൈകിയാണെങ്കിലും ബംഗളൂരുവില്‍നിന്നുള്ള ബസ് സര്‍വിസുകള്‍ ഓടിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.