ഗായിക സപ്ന ചൗധരിക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസ്
text_fieldsന്യൂഡല്‍ഹി: അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഹരിയാന ഗായിക സപ്ന ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 309 പ്രകാരം ആത്മഹത്യാ ശ്രമം നടത്തിയ കുറ്റത്തിനാണ് കേസ്. ആശുപത്രിയില്‍ കഴിയുന്ന സപ്ന ചൗധരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ സപ്നക്ക് പൊലീസ് സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.
ഗാനത്തിലൂടെ പ്രത്യേക ദലിത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സപ്നക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പട്ടിക ജാതി/പട്ടിക വകുപ്പു വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയല്‍ നിയമപ്രകാരം ജൂലൈയില്‍ ഗുഡ്ഗാവ് സെക്ടര്‍ 29 പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മാപ്പുപറഞ്ഞിട്ടും നവമാധ്യമങ്ങള്‍ വഴി അപകീര്‍ത്തി പരാമര്‍ശങ്ങളുണ്ടായതിന്‍റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സപ്ന കുറിപ്പില്‍ എഴുതിയിരുന്നു.
സപ്നക്കെതിരെ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ സത്പാല്‍ തന്‍വാറിനെതിരെ ഭീഷണിപ്പെടുത്തിയതിനും വ്യക്തിയെ അപകീര്‍ത്തി പെടുത്താന്‍ ശ്രമിച്ചതിന്‍റെയും പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയില്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സപ്ന ചൗധരിയെ ക്ളിഫ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സപ്നയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.