കോൺഗ്രസ് സാക്കിർ നായിക്കിൽ നിന്നും വാങ്ങിയ 50 ലക്ഷം കൈക്കൂലി -ബി.ജെ.പി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ, ഇസ്ലാമിക പ്രസംഗികൻ സാക്കിർ നായിക്കിൽ നിന്നും 50 ലക്ഷം രൂപ വാങ്ങിയത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഒരു കൈക്കൂലി ആയാണെന്ന് ബി.ജെ.പി ആരോപിച്ചു. നിയമമന്ത്രി രവിശങ്കർ പ്രസാദ് ആണ് കോൺഗ്രസിനെതിരെ വാർത്താ സമ്മേളനത്തിൽ ആരോപണമുന്നയിച്ചത്. നായികിൻെറ ഇസ്ലാമിക റിസർച്ച് ഫൗണ്ടേഷൻ 2011ൽ രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന് പണം കൈമാറിയതായി ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ദരിദ്രർക്ക് ചികിത്സ സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ടിയാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. എന്നാൽ 2011ൽ നായികിൻെറ സംഘടന നിരീക്ഷണ പട്ടികയിൽ ഉൾപെട്ടിട്ടില്ലായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ് വി പ്രതികരിച്ചു.
ഫോറിൻ റെഗുലേഷൻ ആക്ട് (FCRA) പ്രകാരം രജിസ്റ്റർ ചെയ്തതാണ് തങ്ങളുടെ സംഘടനയെന്ന് ഇസ്ലാമിക റിസർച്ച് ഫൗണ്ടേഷൻ വക്താവ് ആരിഫ് മാലിക് വ്യക്തമാക്കി. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന് പണം നൽകിയിരുന്നെന്നും ധാക്ക റെസ്റ്റോറന്റിലെ തീവ്രവാദി ആക്രമണത്തിനു ശേഷം ട്രസ്റ്റ് ജൂലൈയിൽ പണം മടക്കിനൽകിയതായും അദ്ദേഹം അറിയിച്ചു. FCRAക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ഇസ്ലാമിക റിസർച്ച് ഫൗണ്ടേഷൻ അടക്കമുള്ള സംഘടനകൾക്ക് വിദേശത്ത് നിന്നും ലഭിക്കുന്ന പണം FCRA അംഗീകാരമുള്ള എൻ.ജി.ഒകൾക്ക് കൈമാറുന്നത് അനുവദനീയമാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിനും FCRA ലൈസൻസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.