ബി.ജെ.പി ഫാഷിസ്റ്റല്ലെന്ന് കാരാട്ട്: കടന്നാക്രമിച്ച് സി.പി.ഐ
text_fieldsന്യൂഡല്‍ഹി: ബി.ജെ.പി ഫാഷിസ്റ്റ് ശക്തിയല്ളെന്ന് വാദിക്കുന്ന സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് സി.പി.ഐയുടെ കടുത്ത വിമര്‍ശം. സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാറും കാരാട്ടിനെ പരസ്യമായി തള്ളിപ്പറഞ്ഞു. മോദി സര്‍ക്കാര്‍ ഫാഷിസ്റ്റല്ല, സ്വേച്ഛാധിപത്യമാണ് പ്രകടമാക്കുന്നതെന്നാണ് കാരാട്ടിന്‍െറ വീക്ഷണം. ജനങ്ങളോട് ഭരണഘടനാപരമായ ഉത്തരവാദിത്തം കാട്ടാത്ത ഒരു നേതാവില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ബി.ജെ.പിക്കെതിരായ രാഷ്ട്രീയ പോരാട്ടം കോണ്‍ഗ്രസും മറ്റു പ്രമുഖ ഭരണവര്‍ഗ പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് നടത്താന്‍ കഴിയുന്നതല്ളെന്നും കാരാട്ട് വാദിക്കുന്നു.
കാരാട്ടിന്‍െറ ബി.ജെ.പി ലൈന്‍ സി.പി.എമ്മില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ അംഗീകരിക്കുന്നില്ല. പശ്ചിമ ബംഗാളില്‍ സഖ്യമുണ്ടാക്കിയതടക്കം, കോണ്‍ഗ്രസിനോടുള്ള യെച്ചൂരിയുടെയും പശ്ചിമ ബംഗാള്‍ ഘടകത്തിന്‍െറയും നിലപാടിനോട് കാരാട്ടും യോജിക്കുന്നില്ല. ഈ ഉള്‍പ്പോരാണ് ബി.ജെ.പിയെക്കുറിച്ച് കാരാട്ടിന്‍െറ നിലപാടിന്‍െറ മൂലകാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യം വേണ്ടെങ്കില്‍ അക്കാര്യം നേരിട്ടു പറയുന്നതിനു പകരം, ബി.ജെ.പിയോട് മയംകാണിച്ചുകൊണ്ടല്ല യെച്ചൂരിയുടെ ലൈനിനെ നേരിടേണ്ടതെന്ന് ഇടതുപക്ഷത്ത് അഭിപ്രായമുണ്ട്. വര്‍ഗീയതക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്തുന്നതാണ് കാരാട്ടിന്‍െറ നിലപാടെന്നും ഈ ചിന്താഗതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് സി.പി.ഐ രംഗത്തുവന്നത്. ഇപ്പോഴത്തെ കേന്ദ്രഭരണത്തിനു കീഴില്‍ അഴിച്ചുവിടുന്ന വര്‍ഗീയ ഫാഷിസ്റ്റ് അക്രമങ്ങളെ ഇടതുപക്ഷം ശക്തമായി നേരിടണമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു. മോദിസര്‍ക്കാറിന്‍െറ വിനാശകരമായ സാമ്പത്തികനയങ്ങളും വര്‍ഗീയ ഫാഷിസ്റ്റ് രീതിയും ചെറുക്കേണ്ടതുണ്ടെന്ന് സി.പി.ഐ പ്രസിദ്ധീകരണമായ ‘ന്യൂ ഏജി’ല്‍ എഴുതിയ ലേഖനത്തില്‍ സുധാകര്‍ റെഡ്ഡി പറഞ്ഞു. ഒറ്റയാന്‍ സര്‍ക്കാറാണ് മോദിയുടേത്.
സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫിന്‍െറ നേതാവുകൂടിയായ കനയ്യ, കാരാട്ടിനെ പേരെടുത്തുപറയാതെ കടന്നാക്രമിക്കുകതന്നെ ചെയ്തു. ‘ജെ.എന്‍.യുവില്‍ പഠിച്ച ഒരു പ്രമുഖ സഖാവ് പറയുന്നത് ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയല്ല, സ്വേച്ഛാധിപത്യ പാര്‍ട്ടിയെന്നാണ്. പോരാടാന്‍ താല്‍പര്യമില്ളെങ്കില്‍ സഖാവ് സ്വയം വിരമിച്ച് ന്യൂയോര്‍ക്കില്‍ പോവുകയാണ് വേണ്ടത്. ഞങ്ങള്‍ ഞങ്ങളുടേതായ പോരാട്ടം നടത്തും’ -എ.ഐ.എസ്.എഫ് കൊല്‍ക്കത്തയില്‍ നടത്തിയ സമ്മേളനത്തില്‍ കനയ്യ പറഞ്ഞു.
സ്വന്തം പരാമര്‍ശം ഇടതുചേരിയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കിയതോടെ, കാരാട്ടിനെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ളെന്ന് കനയ്യ ശനിയാഴ്ച വിശദീകരിച്ചു. കാരാട്ടിനെ വ്യക്തിപരമായി പരാമര്‍ശിച്ചിട്ടില്ല. ബി.ജെ.പി സമഗ്രാധിപത്യ പാര്‍ട്ടിയെന്നല്ല, വര്‍ഗീയ ഫാഷിസ്റ്റ് പാര്‍ട്ടിയെന്നാണ് തന്‍െറ അഭിപ്രായം. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ളെന്നും കനയ്യകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.