കാവേരി: കര്‍ണാടകക്ക് തിരിച്ചടിയായി സുപ്രിം കോടതി വിധി
text_fieldsന്യൂഡല്‍ഹി: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ സുപ്രീംകോടതി ഇളവുനല്‍കി. എന്നാല്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കേണ്ടിവരും. നേരത്തെയുള്ള ഉത്തരവില്‍ മറ്റ് മാറ്റങ്ങള്‍ വരുത്താന്‍ കോടതി വിസമ്മതിച്ചു. അതേസമയം നേരത്തെയുള്ള ഉത്തരവ് നടപ്പാക്കുന്നതിനെതിരായ കര്‍ണടാക നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഫലത്തില്‍ കര്‍ണാടക്ക് തിരിച്ചടിയാണ് വിധി.
കാവേരി നദിയില്‍നിന്ന് പ്രതിദിനം പത്തു ദിവസത്തേക്ക് 15,000 ഘന അടി ജലം വീതം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന ഇടക്കാല ഉത്തരവിനെതിരെയാണ് കര്‍ണാടക ഹരജി നല്‍കിയിരിക്കുന്നത്. ഇത് പ്രതിദിനം 12,000 ഘനയടിയായി കുറച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സെപ്റ്റംബര്‍ 20 വരെ ഈ അവസ്ഥ തുടരണമെന്നും ഉത്തരവില്‍ പറഞ്ഞു. മഴയുടെ കുറവുമൂലം കര്‍ണാടകയിലെ കാവേരി തടങ്ങളിലുള്ള നാല് അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും കര്‍ഷകരുടെ ദുരിതങ്ങളും കണക്കിലെടുത്താണ് കോടതി ജലത്തിന്റെ അളവില്‍ ഇളവ് നല്‍കിയത്.
തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണെന്നും അതുമൂലം കോടതി നേരത്തെ നല്‍കിയ ഉത്തരവ് നടപ്പാക്കാനാവില്ലെന്നും കാണിച്ചായിരുന്നു കര്‍ണാടക ഹരജി നല്‍കിയത്. എന്നാല്‍ കോടതി വിധിക്കെതിരെ കോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും നിയമം കൈയിലെടുക്കാന്‍ ജനങ്ങളെ അനുവദിക്കരുതെന്നും കര്‍ണാടകക്ക് കോടതി മുന്നറിയിപ്പ് നല്‍കി.
ഇപ്പോഴുള്ള വിധി കര്‍ണാടകയിലെ ജലദൗര്‍ലഭ്യത്തെ മാനിച്ചാണെന്നും സംസ്ഥാത്തെ ക്രമസമാധാന തകര്‍ച്ച പരിഗണിച്ചല്ലെന്നും കോടതി വ്യക്തമാക്കി. അതിനിടെ ജലതര്‍ക്കത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെന്നെയില്‍ ഹോട്ടലിനും രാമനാഥപുരത്ത് കര്‍ണാടക ടൂറിസ്റ്റ് ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.