കെ.എസ്.ആര്‍.ടി.സിയുടെ 32 ബസുകൾ കേരളത്തിലേക്ക് പുറപ്പെട്ടു
text_fieldsബംഗളൂരു: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട സമരങ്ങള്‍ അക്രമാസക്തമായതോടെ ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികളുമായി കേരള ആര്‍.ടി.സി ബസുകൾ പുറപ്പെട്ടു. കേരള ആര്‍.ടി.സിയുടെ 32 ബസുകളാണ് ചൊവ്വാഴ്ച രാത്രി പൊലീസ് സംരക്ഷണത്തോടെ മാണ്ഡ്യ, മൈസൂരു വഴി കേരളത്തിലേക്ക് പുറപ്പെട്ടത്. പൊലീസ് സംരക്ഷണത്തിലാണ് ബസുകള്‍ യാത്രതിരിച്ചത്. ഓണാഘോഷവും മറ്റും പരിഗണിച്ചാണ് അധികൃതരുടെ നടപടി. തിങ്കളാഴ്ച രാത്രി നാലു പ്രത്യേക സര്‍വിസുകള്‍ കേരള ആര്‍.ടി.സി ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ, ബുധനാഴ്ചയും പകല്‍ സര്‍വിസുകള്‍ ഉണ്ടാവില്ളെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്ന് പ്രത്യേക ട്രെയിനുകളാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ 11.15ന് ബംഗളൂരുവില്‍നിന്ന് ധര്‍മപുരി, കോയമ്പത്തൂര്‍, തൃശൂര്‍ വഴി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിന്‍ ബുധനാഴ്ച രാവിലെ 10ന് ബംഗളൂരുവിലേക്ക് തിരികെയുമുണ്ടാകും. ചൊവ്വാഴ്ച വൈകീട്ട് 6.50ന് യശ്വന്ത്പൂരില്‍നിന്ന് ധര്‍മപുരി, സേലം, കോയമ്പത്തൂര്‍ വഴി കണ്ണൂരിലേക്കും പ്രത്യേക ട്രെയിന്‍ പുറപ്പെട്ടു. ബുധനാഴ്ച രാവിലെ 11ന് കണ്ണൂരില്‍നിന്ന് കോയമ്പത്തൂര്‍, ധര്‍മപുരി, ഹാവേരി വഴി ഹുബ്ബള്ളിയിലേക്കും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക ഡി.ജി.പിയുമായി നടത്തിയ ചര്‍ച്ചയിലാണ് സഹായം ലഭ്യമായത്. മൈസൂര്‍-കോഴിക്കോട്, മൈസൂര്‍-കണ്ണൂര്‍ പാതകൾ പൂര്‍ണമായും ഗതാഗത യോഗ്യമായതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ ഷൊർണൂരിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയവർക്ക് ഭക്ഷണമെത്തിക്കാൻ നടപടി സ്വീകരിക്കും. സ്റ്റേഷനിലേക്ക് യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാനുളള സംവിധാനവും ഒരുക്കും.
അതേസമയം, തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം നല്‍കുന്നതിനെതിരെ തിങ്കളാഴ്ച പൊട്ടിപുറപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് അയവ്. ചൊവ്വാഴ്ച കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അതേസമയം, അക്രമഭീതിയില്‍ ബംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവയടക്കം പ്രധാന നഗരങ്ങള്‍ നിശ്ചലമായി. ബംഗളൂരുവില്‍ മെട്രോ ട്രെയിന്‍ സര്‍വിസടക്കം തടസ്സപ്പെട്ടു. ബംഗളൂരു നയന്തഹള്ളിയിലും ചിത്രദുര്‍ഗയിലും തമിഴ്നാട് രജിസ്ട്രേഷന്‍ ലോറികള്‍ കത്തിച്ചതാണ് ചൊവ്വാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങള്‍. പൊലീസ് ലാത്തിച്ചാര്‍ജില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കെട്ടിടത്തിന്‍െറ മൂന്നാം നിലയില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. കുനിഗല്‍ സ്വദേശിയായ ജി.ബി. കുമാര്‍ (30) ആണ് മരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും സംഘടിച്ചത്തെുകയും മൃതദേഹം ഏറ്റുവാങ്ങാന്‍ മടിക്കുകയും ചെയ്തത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
ചൊവ്വാഴ്ച ബംഗളൂരു അടക്കം പ്രധാന നഗരങ്ങളിലെല്ലാം ബന്ദിന്‍െറ പ്രതീതിയായിരുന്നു. ബസ് സര്‍വിസുകള്‍ പലയിടത്തും പൂര്‍ണമായി തടസ്സപ്പെട്ടു. ഏതാനും സ്വകാര്യ വാഹനങ്ങളും ചില ഓട്ടോ-ടാക്സികളും മാത്രമാണ് റോഡിലിറങ്ങിയത്. സംഘര്‍ഷാവസ്ഥ പെരുന്നാള്‍ ആഘോഷങ്ങളെയും ബാധിച്ചു. കര്‍ണാടകയില്‍ പെരുന്നാള്‍ ചൊവ്വാഴ്ചയായിരുന്നു. ടൂറിസം മേഖലകളിലൊന്നും തിരക്കുണ്ടായില്ല. സുരക്ഷാ ചുമതലക്കായി 15,000 പൊലീസുകാരെയാണ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചത്. ഇതിനുപുറമെ കേന്ദ്ര സേനയും സംസ്ഥാനത്തത്തെിയിട്ടുണ്ട്. ബംഗളൂരുവില്‍ 15 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും നഗരത്തിലെ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ചയും അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മാണ്ഡ്യയില്‍ സെപ്റ്റംബര്‍ 20 വരെയാണ് നിരോധാജ്ഞ. ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ പ്രത്യേക കാബിനറ്റ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സുപ്രീംകോടതി വിധി മാനിച്ച് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുന്നത് തുടരാന്‍ യോഗം തീരുമാനിച്ചു. അക്രമാസക്തമായ സമരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
തിങ്കളാഴ്ച പ്രതിഷേധപ്രകടനത്തിനിടെ ഹെഗ്ഗനഹള്ളിയില്‍ പൊലീസ് വാന്‍ ആക്രമിച്ചവര്‍ക്കുനേരെ അര്‍ധസൈനിക വിഭാഗം നടത്തിയ വെടിവെപ്പില്‍ 25കാരനായ ഉമേഷ് മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറോളം തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങളാണ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകര്‍ കത്തിച്ചത്. ബംഗളൂരുവിനുപുറമെ, മാണ്ഡ്യ, മൈസൂരു ചാമരാജ് നഗര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായത്. ബംഗളൂരു കെങ്കേരിയിലെ ഗോഡൗണില്‍ നിര്‍ത്തിയിട്ടിരുന്ന 32 സ്വകാര്യ ബസുകള്‍ പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു. വാഹനങ്ങള്‍ക്കുനേരെ വ്യാപക കല്ളേറും ഉണ്ടായി. പലയിടത്തും തമിഴ്നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള കടകളും ഹോട്ടലുകളും തകര്‍ത്തു.
അതിനിടെ, കര്‍ണാടക-തമിഴ്നാട് തര്‍ക്കം അതിരുവിട്ട് അക്രമമായി തുടരവെ ശാന്തരാവാനും അക്രമപാത വെടിയാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന. സ്ഥിതിഗതികളില്‍ താന്‍ ദു$ഖിതനാണെന്നും വേദനിക്കുന്നുവെന്നും പറഞ്ഞ നരേന്ദ്ര മോദി, അക്രമം പ്രശ്നപരിഹാരം അല്ളെന്നും സംയമനവും ചര്‍ച്ചയും വഴിയാവണം ജനാധിപത്യത്തില്‍ പരിഹാരം കണ്ടെത്തേണ്ടതെന്നും നിര്‍ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.