കാവേരി: തമിഴ്നാട്ടിലും പ്രതിഷേധം തുടരുന്നു
text_fieldsചെന്നൈ: കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ ചില പ്രദേശങ്ങളില്‍ രണ്ടാം ദിവസവും പ്രതിഷേധം ആളിക്കത്തി. ‘നാം തമിഴര്‍ കക്ഷിയുടെ (എന്‍.ടി.കെ) പ്രവര്‍ത്തകര്‍ ചെന്നൈയിലും കോയമ്പത്തൂരിലും കര്‍ണാടകയുടെ സ്ഥാപനങ്ങള്‍ക്കു പുറത്ത് പ്രതിഷേധം പ്രകടിപ്പിച്ചു. ചെന്നെയില്‍ കര്‍ണാടക ബാങ്കിന്‍െറ എ.ടി.എം കൗണ്ടറിനു നേരെ അഞ്ജാതന്‍ കല്ളെറിഞ്ഞു. കൗണ്ടറിന്‍െറ ചില്ലുകള്‍ തകര്‍ന്നതായി പൊലീസ് അറിയിച്ചു.
കര്‍ണാടക സ്വദേശികള്‍ നടത്തുന്ന ചെന്നൈയിലെ ഹോട്ടലുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനമുണ്ടായി. അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച 12 എന്‍.ടി.കെ പ്രവര്‍ത്തകരെ മൈലാപൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ കര്‍ണാടക അസോസിയേഷന്‍ ഹാളിനു മുന്നില്‍ പ്രതിഷേധം പ്രകടിപ്പിച്ച 30 പേരെ അറസ്റ്റ് ചെയ്തു നീക്കി. നെയ്വേലിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കോലം കത്തിക്കാനുള്ള തമിഴക വാഴ്വുരിമൈ കക്ഷി പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
കര്‍ണാടക സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കും ബസുകള്‍ക്കും പൊലീസ് സംരക്ഷണം തുടരുകയാണ്.കോയമ്പത്തൂരില്‍നിന്നും മറ്റും കര്‍ണാടകയിലേക്കുള്ള ബസ് സര്‍വിസുകളടക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 12 ബസുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി കോയമ്പത്തൂര്‍ ജില്ലാ ഒമ്നിബസ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി പി. സെന്തില്‍കുമാര്‍ പറഞ്ഞു. കാവേരി പ്രശ്നത്തെ തുടര്‍ന്ന് കര്‍ണാടകയിലെ വാണിജ്യകേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബന്ദാചരിക്കാന്‍ കര്‍ണാടക വ്യാപാരസമൂഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.