കശ്മീര്‍: മനുഷ്യാവകാശ സ്ഥിതി ആശങ്കാജനകമെന്ന് ആംനസ്റ്റി
text_fieldsന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ സുരക്ഷാ സേന നടത്തുന്ന ബലപ്രയോഗത്തില്‍ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. സുരക്ഷാ സേനയുടെ ചെയ്തികള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മര്യാദകളുടെ ലംഘനമാണെന്നും സംസ്ഥാനത്തെ സ്ഥിതിഗതി വഷളാക്കിയതായും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍റര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് ആരംഭിച്ച അനിഷ്ട സംഭവങ്ങളില്‍ ഇതിനകം രണ്ട് സുരക്ഷാ സൈനികരടക്കം 78 പേര്‍ കൊല്ലപ്പെട്ടു. പ്രകടനക്കാര്‍ പൊലീസ് സ്റ്റേഷന്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, രാഷ്ട്രീയക്കാരുടെ വീടുകള്‍ എന്നിവക്കു നേരെ കല്ളെറിയുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായി സുരക്ഷാ സേന വെടിവെപ്പും പെല്ലറ്റ് വര്‍ഷവും നടത്തി. പ്രകടനക്കാര്‍ക്കെതിരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി മുളക് പ്രയോഗം നടത്താന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയപ്പോഴേക്കും ആറുപേര്‍ ഇതിനിരയായി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സമാധാനപരമായി പ്രകടനം നടത്തിയവരും കണ്ടു നിന്നവര്‍പോലും പെല്ലറ്റ് തോക്കിനിരയായി കാഴ്ച നഷ്ടമായവരില്‍ ഉണ്ടെന്ന് ആംനസ്റ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പറഞ്ഞു. വീടുകളിലിരുന്ന കുഞ്ഞുങ്ങളും ആക്രമണത്തിനിരയായി. പെല്ലറ്റ് തോക്ക് ഉപയോഗം പൂര്‍ണമായി നിരോധിക്കണമെന്നും പകരമായി ഉപയോഗിക്കുന്ന മുളക് ആയുധങ്ങള്‍പോലും അതീവ പ്രശ്നകാരികളാണെന്നും ആകാര്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.