കാവേരി പ്രശ്നം: സിദ്ധരാമയ്യ ഇന്ന് പ്രധാനമന്ത്രിയെ കാണും
text_fieldsബംഗളൂരു: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ബുധനാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അടിയന്തര കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി ബോധ്യപ്പെടുത്തുകയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ചക്ക് സമ്മര്‍ദം ചെലുത്തുകയുമാണ് ലക്ഷ്യം.
കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിര്‍ദേശം സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ്. ഇത് നടപ്പാക്കല്‍ ഏറെ പ്രയാസമാണ്. എന്നാല്‍, സുപ്രീംകോടതി വിധി മാനിച്ച് വെള്ളം വിട്ടുനല്‍കുകയല്ലാതെ നിവൃത്തിയില്ല. ജനങ്ങള്‍ അക്രമാസക്തമായ സമരങ്ങളില്‍നിന്ന് പിന്‍വാങ്ങണം. തിങ്കളാഴ്ച പൊലീസ് വെടിവെപ്പില്‍ മരിച്ച സുമേഷിന്‍െറ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ബംഗളൂരുവില്‍ 78ഉം നഗരത്തിന് പുറത്ത് 19ഉം വാഹനങ്ങള്‍ പ്രക്ഷോഭകര്‍ തീവെച്ച് നശിപ്പിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 335 പേരെ അറസ്റ്റ് ചെയ്തു. സി.സി.ടി.വി കാമറകളും ചാനല്‍ വിഡിയോകളും പരിശോധിച്ച് കൂടുതല്‍ പേരെ പിടികൂടാനാവും. കര്‍ണാടകയിലുള്ള തമിഴ്നാട് സ്വദേശികള്‍ക്ക് സുരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.