അഖിലേഷ് വഴങ്ങി; സമാജ് വാദി പാര്‍ട്ടിയിലെ കുടുംബ വഴക്ക് ഒതുങ്ങി
text_fieldsന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ കുടുംബപോരിന് താല്‍ക്കാലിക ശമനം. യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും ഇളയച്ഛനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും തമ്മിലെ പോര് പാര്‍ട്ടി മേധാവി മുലായം സിങ് യാദവ് ഇടപെട്ട് പറഞ്ഞൊതുക്കുകയായിരുന്നു. താന്‍ പിന്തുണക്കുന്നത് ശിവ്പാല്‍ യാദവിനെയാണെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുലായം വ്യക്തമായ സൂചന നല്‍കിയതോടെ പത്തിമടക്കാന്‍ അഖിലേഷ് നിര്‍ബന്ധിതനാവുകയായിരുന്നു.
തന്‍െറ സ്വന്തം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും മന്ത്രിസഭയില്‍ കൈയാളിയ പ്രധാന വകുപ്പുകളില്‍ ചിലത് എടുത്തുമാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും രാജിവെച്ചതായി ശിവ്പാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വകുപ്പുകള്‍ തിരിച്ചുനല്‍കണമെന്ന് മുലായം നിര്‍ദേശിച്ചതോടെ അതുപാലിക്കാന്‍ തയാറാണെന്ന് അഖിലേഷ് അറിയിക്കുകയായിരുന്നു. മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയ ഗായത്രി പ്രസാദ് പ്രജാപതിയെ വകുപ്പുകള്‍ മാറ്റി തിരിച്ചെടുക്കാനും നിര്‍ദേശിച്ചു. ഇതോടെ രാജി തീരുമാനം പിന്‍വലിച്ചതായി ശിവ്പാല്‍ പ്രഖ്യാപിച്ചു.
അഖിലേഷ് തന്‍െറ നിര്‍ദേശം പിന്‍പറ്റുമെന്ന് ഉറപ്പുണ്ടെന്നും താന്‍ ജീവനോടെയിരിക്കെ പാര്‍ട്ടിയിലോ കുടുംബത്തിലോ ഭിന്നിപ്പുണ്ടാവില്ളെന്നും മുലായം പറഞ്ഞു. നേതാവിന്‍െറ ആജ്ഞ നിറവേറ്റല്‍ ആണ് തന്‍െറ ദൗത്യമെന്ന് പ്രതികരിച്ച അഖിലേഷ് അതേസമയം, പുറത്തുനിന്നുള്ളവരെ പാര്‍ട്ടിയില്‍ കുഴപ്പമുണ്ടാക്കാന്‍ അനുവദിക്കില്ളെന്നും കൂട്ടിച്ചേര്‍ത്തു. അടുത്തവര്‍ഷം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ തനിക്ക് മേല്‍കൈ നല്‍കണമെന്ന അഖിലേഷിന്‍െറ ആവശ്യം പരിഗണിക്കാമെന്ന മറുപടിയാണ് മുലായം നല്‍കിയത്.
പാര്‍ട്ടി എം.പിയും വ്യവസായിയുമായ അമര്‍ സിങ്ങാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന വാദത്തില്‍ തന്നെയാണ് ഇപ്പോഴും അഖിലേഷ്. തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഒറ്റക്കെട്ടായി മുന്നേറാനാണ് ആഗ്രഹിക്കുന്നതെന്നും അഖിലേഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.