പഠിക്കാന്‍ പുസ്തകഭാഗം ഫോട്ടോകോപ്പി എടുക്കുന്നത് പകര്‍പ്പവകാശ ലംഘനമല്ല –ഡല്‍ഹി ഹൈകോടതി
text_fieldsന്യൂഡല്‍ഹി: പഠനാവശ്യത്തിന് പുസ്തകഭാഗങ്ങള്‍ ഫോട്ടോകോപ്പി എടുക്കുന്നത് പകര്‍പ്പവകാശ ലംഘനമല്ളെന്ന് ഡല്‍ഹി ഹൈകോടതി വിധിച്ചു. അന്താരാഷ്ട്ര പ്രസാധകരായ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ്, കേംബ്രിജ് യൂനിവേഴ്സിറ്റി പ്രസ്, ടെയ്ലര്‍ ആന്‍ഡ് ഫ്രാന്‍സിസ് എന്നിവ പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളില്‍നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല തയാറാക്കിയ പാഠഭാഗം ഫോട്ടോകോപ്പി എടുക്കുന്നതിനെതിരായ കേസിലാണ് വിധി. ഈ പ്രസാധകര്‍ ഡല്‍ഹി സര്‍വകലാശാലയെയും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് വളപ്പിലെ രാമേശ്വരി ഫോട്ടോകോപ്പി സര്‍വിസസിനെയും എതിര്‍കക്ഷികളാക്കി നല്‍കിയ ഹരജി കോടതി തള്ളി. യൂനിവേഴ്സിറ്റി സിലബസിന്‍െറ ഭാഗമായുള്ള അധ്യയന ഭാഗങ്ങള്‍ ഫോട്ടോകോപ്പി ചെയ്യുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈകോടതി പിന്‍വലിച്ചു.
വിദ്യാര്‍ഥികള്‍ ഫോട്ടോകോപ്പി സ്ഥാപനത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. യൂനിവേഴ്സിറ്റി സിലബസിന്‍െറ ഭാഗമായതുകൊണ്ട് വിലകൂടിയ പുസ്തകങ്ങള്‍ വാങ്ങുകയെന്നത് ഓരോ വിദ്യാര്‍ഥിക്കും താങ്ങാന്‍ കഴിയുന്നതല്ളെന്ന് ഫോട്ടോകോപ്പി കടയുടമ വാദിച്ചു. പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ടെങ്കിലും ആവശ്യക്കാരായ ഒട്ടേറെ കുട്ടികള്‍ക്ക് അതു ലഭ്യമാക്കാന്‍ കഴിയണമെന്നില്ളെന്ന് ഡല്‍ഹി യൂനിവേഴ്സിറ്റി കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. പകര്‍പ്പവകാശം എഴുത്തുകാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സ്വാഭാവിക അവകാശമോ പൂര്‍ണ ഉടമസ്ഥാവകാശമോ നല്‍കുന്നില്ളെന്ന് ജസ്റ്റിസ് രാജീവ് സഹായ് എന്‍ഡ്ലോ ഉത്തരവില്‍ പറഞ്ഞു. പൊതുജനത്തിന്‍െറ ബൗദ്ധിക സമ്പുഷ്ടീകരണ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്ന വിധത്തിലാണ് അത് രൂപപ്പെടുത്തിയിരിക്കുന്നത്.
വിജ്ഞാന ശേഖരണത്തെ തടയാനല്ല, പരിപോഷിപ്പിക്കാനാണ് പകര്‍പ്പവകാശം. പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധം എഴുത്തുകാരുടെയും മറ്റും ക്രിയാത്മക പ്രവര്‍ത്തനത്തെ പ്രചോദിപ്പിക്കുകയാണ് പകര്‍പ്പവകാശത്തിന്‍െറ ലക്ഷ്യം. നൂതന സാങ്കേതികവിദ്യാ മുന്നേറ്റത്തോടെ വിദ്യാര്‍ഥികള്‍ ലൈബ്രറിയില്‍ ഇരുന്ന് കുറിപ്പു തയാറാക്കിയെടുക്കുമെന്ന് പ്രതീക്ഷിക്കുക വയ്യെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫോട്ടോകോപ്പിയെടുക്കാന്‍ സൗകര്യം കിട്ടുന്നില്ളെങ്കില്‍ അവര്‍ മറ്റു വഴി തേടും. മനുഷ്യജീവിതം മെച്ചപ്പെടുത്താനാണ് ഏതു നിയമവുമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് പ്രസാധകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അനുമതിയില്ലാതെ പാഠഭാഗങ്ങള്‍ തയാറാക്കി വിതരണം ചെയ്യുന്നതു വഴി വിദ്യാഭ്യാസ പാഠപുസ്തക വിപണിയില്‍ ഉണ്ടാകാവുന്ന ദോഷഫലങ്ങളില്‍നിന്ന് എഴുത്തുകാരെയും പ്രസാധകരെയും വിദ്യാര്‍ഥികളെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിയമനടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയില്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.