ഉറി ഭീകരാക്രമണം: വലിയ സുരക്ഷാ വീഴ്ചയെന്ന് എ.കെ ആന്‍റണി
text_fieldsന്യൂഡൽഹി: കശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണം വലിയ സുരക്ഷാ വീഴ്ചയെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി. ഭീകരാക്രമണത്തിന് പാകിസ്താന്‍റെ സഹായമുണ്ടെന്ന് ഉറപ്പാണ്. പത്താൻകോട്ട് സൈനിക താവള ആക്രമണത്തിന് സമാനമാണ് ഉറിയിലെ ആക്രമണവും. ഭീകരരെ നേരിടാൻ സൈന്യത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകണം. ശക്തമായ സൈനിക നീക്കത്തിലൂടെ മാത്രമേ തീവ്രവാദികളെ അമർച്ച ചെയ്യാൻ സാധിക്കൂവെന്നും ആന്‍റണി വ്യക്തമാക്കി.
കശ്മീരിലെ സ്ഥിതിഗതികൾ കൈവിട്ടു പോകുകയാണെന്ന് ആന്‍റണി പറഞ്ഞു. ശ്രീനഗറിലെ സംഭവ വികാസങ്ങൾ കശ്മീർ മുഴുവൻ വ്യാപിച്ചു. കശ്മീരിലെ പ്രശ്ന പരിഹാരത്തിന് നിരന്തര ചർച്ചയാണ് ഏക പരിഹാര മാർഗം. ഒരു തവണ സർവകക്ഷി സംഘത്തിന്‍റെ സമാധാന ശ്രമം പരാജയപ്പെട്ടിരിക്കാം. എന്നാൽ, ചർച്ച തുടരുക തന്നെ വേണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
താഴ്വരയിലെ ചെറുപ്പക്കാർ രോഷാകുലരാണ്. സമരങ്ങളുടെ മുൻപന്തിയിൽ വിദ്യാർഥികളും യുവജനങ്ങളുമാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സൈനിക നടപടി ഉചിതമല്ലെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.