തമിഴ്നാടിന് 3000 ഘന അടി കാവേരി വെള്ളം: മേല്‍നോട്ട സമിതി
text_fieldsന്യൂഡല്‍ഹി: ഈ മാസം 21 മുതല്‍ പത്തു ദിവസത്തേക്ക് തമിഴ്നാടിന് 3000 ഘന അടി വെള്ളം വിട്ടുകൊടുക്കാന്‍ കാവേരി നദീജല മേല്‍നോട്ട സമിതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കാവേരി നദീജല തര്‍ക്കം കര്‍ണാടകയിലും തമിഴ്നാട്ടിലും ക്രമസമാധാന പ്രശ്നമായി മാറിയതിനിടയിലാണ് സുപ്രീംകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ മേല്‍നോട്ട സമിതി യോഗം ചേര്‍ന്ന് ഈ തീരുമാനമെടുത്തത്. നേരത്തെ സുപ്രീംകോടതി വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ച വെള്ളത്തിന്‍െറ നാലിലൊന്ന് നല്‍കാനാണ് മേല്‍നോട്ട സമിതി തീരുമാനിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സമിതി വീണ്ടും യോഗം ചേരും. ഭാവിയിലെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തുടര്‍ന്ന് തീരുമാനമെടുക്കുമെന്നും കേന്ദ്ര ജലവിഭവ സെക്രട്ടറി കൂടിയായ ചെയര്‍മാന്‍ ശശി ശേഖര്‍ അറിയിച്ചു.
ഇരു സംസ്ഥാനങ്ങളും ഉന്നയിച്ച വാദങ്ങളില്‍ സമിതി വിശദമായ ചര്‍ച്ച നടത്തിയെന്ന് ശശി ശേഖര്‍ തുടര്‍ന്നു. കര്‍ണാടകക്ക് കുടിവെള്ളം വേണം. വിളകള്‍ക്ക് തമിഴ്നാടിനും വെള്ളം വേണം. അതിനാല്‍, യോഗത്തില്‍ സമവായമുണ്ടായിരുന്നില്ളെന്നും സെപ്റ്റംബര്‍ 21 മുതല്‍ 30 വരെ കര്‍ണാടക വെള്ളം വിട്ടുകൊടുക്കണമെന്ന് സമിതി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ശശി ശേഖര്‍ പറഞ്ഞു.
തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് 10 ദിവസം 15,000 ഘന അടി കാവേരി നദീജലം വിട്ടുകൊടുക്കാന്‍ കര്‍ണാടക സര്‍ക്കാറിനോട് ആദ്യം ഉത്തരവിട്ട സുപ്രീംകോടതി പിന്നീട് അത് 12000 ഘന അടി ആക്കി കുറച്ച് ഉത്തരവ് ഭേദഗതി ചെയ്തിരുന്നു. ജലക്ഷാമം തമിഴ്നാട്ടിലെ വിളവെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്‍െറ നടപടി. എന്നാല്‍, കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണലിന്‍െറ അന്തിമ ഉത്തരവ് പ്രകാരം കിട്ടേണ്ട ജലത്തിനായി മൂന്ന് ദിവസത്തിനകം കാവേരി മേല്‍നോട്ട സമിതിയെ സമീപിക്കണമെന്നും പത്ത് ദിവസത്തിനകം തമിഴ്നാടിന്‍െറ അപേക്ഷയില്‍ മേല്‍നോട്ട സമിതി നടപടി കൈക്കൊള്ളണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതുവരെയുള്ള ഇടക്കാല നടപടി എന്ന നിലയിലാണ് 12,000 ഘന അടി വെള്ളം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതാണ് 3000 ഘന അടിയായി കുറച്ചത്. 40,000 ഏക്കര്‍ കൃഷി രക്ഷിക്കാന്‍ 50 മുതല്‍ 52 ടി.എം.സി വെള്ളമാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.