പാകിസ്താന് ഇന്ത്യ നയതന്ത്ര തിരിച്ചടി നൽകുമെന്ന് പ്രതിരോധ സഹമന്ത്രി
text_fieldsന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യയുടെ തീരുമാനം. നയതന്ത്ര നീക്കങ്ങളാണ് പ്രധാനമായും ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ആദ്യ പടിയെന്ന നിലയിൽ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കും.
ഭീകരവാദികളെ സഹായിക്കുന്ന പാകിസ്താന്‍റെ പങ്ക് തെളിവുകൾ സഹിതം യു.എന്നിൽ തുറന്നു കാണിക്കുമെന്ന് പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംമ്രെ മാധ്യമങ്ങളോട് പറഞ്ഞു. ഉറി ഭീകരാക്രമണവും പാകിസ്താൻ നിന്ന് ഇന്ത്യ നേരിടുന്ന ഭീകരവാദ ഭീഷണിയും യു.എൻ പൊതുസഭാ സമ്മേളനത്തിലാണ് ഉന്നയിക്കുക. സെപ്റ്റംബർ 26ന് ചേരുന്ന യു.എൻ സമ്മേളനത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുക്കും.
ഉറിയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളിലെയും സൈനിക താവളങ്ങളിലെയും പോരായ്മകൾ കണ്ടെത്തി സുരക്ഷ വർധിപ്പിക്കും. ഉറിയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിൽ നടപടി സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാറിന് അലംഭാവം ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.