നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; 10 ഭീകരരെ സൈന്യം വധിച്ചു
text_fieldsശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഉറിയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും നുഴഞ്ഞുകയറ്റശ്രമം. ഉറിയിലും നൗഗാമിലുമുണ്ടായ രണ്ടു ശ്രമവും സൈന്യം പരാജയപ്പെടുത്തി. ഒരു സൈനികനും 10 തീവ്രവാദികളും കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുകയും ചെയ്തു. ഉറിയിലെ ലചിപുര മേഖലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 തീവ്രവാദികളെ സൈന്യം വധിക്കുകയായിരുന്നു. 15 പേരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. നൗഗാം മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. മരണസംഖ്യ സൈന്യം ഒൗദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുമില്ല.
അതിനിടെ, ഉറിയില്‍ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.10നും 1.30നുമുണ്ടായ ആക്രമണത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. തീവ്രവാദികളെ കടക്കാന്‍ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു വെടിനിര്‍ത്തല്‍ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജമ്മു-കശ്മീരിലെ സാഹചര്യങ്ങള്‍ വീണ്ടും വിലയിരുത്തി. പാകിസ്താന്‍ ആസ്ഥാനമായ തീവ്രവാദികള്‍ക്കുനേരെ നടപടിയെടുക്കല്‍ എല്ലാ സാഹചര്യങ്ങളും വിലയിരുത്തിയേ ഉണ്ടാകൂവെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയുടെ നിര്‍ണായകയോഗം ബുധനാഴ്ച ചേരും.
അതിനിടെ, ഉറി ഭീകരാക്രമണ സംഭവത്തില്‍ ജമ്മു-കശ്മീര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. തുടര്‍ന്ന്, ആക്രമണം നടത്തിയവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ജി.പി.എസ് സംവിധാനങ്ങളും പൊലീസ് എന്‍.ഐ.എ സംഘത്തിന് കൈമാറി. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഭീകരരുടെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കും. ഭീകരരുടെ ചിത്രങ്ങള്‍ ശേഖരിച്ച് രാജ്യത്ത് വിവിധ ജയിലുകളില്‍ കഴിയുന്ന ജയ്ശെ മുഹമ്മദ് അംഗങ്ങളെ കാണിക്കും. കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്ന മുറക്ക്, അവരെക്കുറിച്ച് കേസ് ഫയല്‍ തയാറാക്കി പാകിസ്താന് ഒൗദ്യോഗിക അപേക്ഷ നല്‍കുമെന്നും എന്‍.ഐ.എ സംഘം പറഞ്ഞു. അതിനിടെ, ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി താഴ്വരയിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.