ശരീഫിന്‍റെ പ്രസംഗം ഭീകരവാദത്തെ പിന്തുണക്കുന്നത് -ഇന്ത്യ
text_fieldsന്യൂഡല്‍ഹി: ഐക്യരാഷ്ട്ര പൊതുസഭയില്‍ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്താന്‍റെ ഭീകരവാദത്തോടുള്ള ആഭിമുഖ്യമാണ് ശരീഫിന്‍റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. യു.എൻ ഉന്നതസമിതിയിൽ ഹിസ്ബുൽ തീവ്രവാദി ബുർഹാൻ വാനിയെ മഹത്വവൽകരിക്കുകയാണ് ശരീഫ് ചെയ്തതെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.
ചർച്ചകളിൽ ഇന്ത്യ അംഗീകരിക്കാൻ സാധിക്കാത്ത നിബന്ധനകൾ വെക്കുന്നുവെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. ഭീകരവാദം അവസാനിപ്പിക്കണം എന്നതാണ് ഇന്ത്യയുടെ ഏക നിബന്ധന. ഇത് പാകിസ്താന് സ്വീകാര്യമല്ലേ എന്നും വികാസ് സ്വരൂപ് ചോദിച്ചു.
ഈ വര്‍ഷം ഇതുവരെ കശ്മീരിലെ രാജ്യന്തര നിയന്ത്രണരേഖയില്‍ 19 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ഇന്ത്യയില്‍ നിന്നാണോ എന്നും സ്വരൂപ് ചോദ്യം ഉന്നയിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് പാകിസ്താൻ പിന്മാറുകയാണ് ചെയ്യേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ചര്‍ച്ചയും ഭീകരവാദവും ഒരേസമയം നടക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാടെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ പറഞ്ഞു. ബുര്‍ഹാന്‍ വാനി എങ്ങനെയാണ് പാകിസ്താന് വാഴ്ത്തപ്പെട്ടവനായതെന്ന് മനസിലാകുന്നില്ലെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
ചർച്ച സംബന്ധിച്ച് സ്ഥിരതയുള്ള നിലപാടാണ് ഇന്ത്യക്കുള്ളത്. ഇന്ത്യ എപ്പോഴും ചര്‍ച്ചക്ക് തയാറായിരുന്നു. പക്ഷേ ഭീകരവാദം നയമായി സ്വീകരിക്കുന്ന പാക് സര്‍ക്കാറിന്‍റെ ബ്ലാക് മെയിലിങ്ങിന് വഴങ്ങില്ലെന്നും അക്ബര്‍ വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ഒരിക്കലും മുന്‍കൈ എടുത്തിട്ടില്ല. ബുര്‍ഹാന്‍ വാനിയെ ഐക്യരാഷ്ട്രസഭ പോലുള്ള വേദിയില്‍ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി പുകഴ്ത്തിയത് ഞെട്ടിക്കുന്നതാണെന്നും അക്ബര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.