നമുക്ക് പ്രിയം ഇപ്പോഴും ആൺകുട്ടികളോട് തന്നെ; പെൺകുട്ടികളുടെ അനുപാതത്തിൽ ഇടിവ്
text_fieldsന്യൂഡൽഹി: ഇന്ത്യാക്കാർ ഇപ്പോഴും പെൺകുട്ടികളേക്കാൾ മുൻതൂക്കം നൽകുന്നത് ആൺകുട്ടികൾക്ക് തന്നെ. ജനസംഖ്യാനുപാതത്തിൽ പെൺകുട്ടികളുടെ എണ്ണത്തിൽ മുമ്പത്തേക്കാളും കുറവ് രേഖപ്പെടുത്തുന്നതായാണ് സർവേ ഫലങ്ങൾ വെളിപ്പെടുത്തുന്നത്. 2011-12 കാലയളവിൽ 1,000 ആൺകുട്ടികൾക്ക് 909 പെൺകുട്ടികളാണ് ഉണ്ടായിരുന്നതെങ്കിൽ 2012-13 കാലയളവിൽ ഇത് 906 ആയി കുറഞ്ഞതായാണ് സർവേഫലം.
പെൺകുട്ടികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനം ഡൽഹിയാണ്. 887ൽ നിന്ന് 876 ആയി ഇത് കുറഞ്ഞു. പെൺകുട്ടികൾ കുറവ് ജനിക്കുന്ന രണ്ടാമത്തെ സംസ്ഥാനം ഉത്തർപ്രദേശാണ്. സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർവേ ഫലം വെളിപ്പെടുത്തുന്നത് ഹിന്ദി ബെൽറ്റിൽ മാത്രമല്ല, പെൺകുട്ടികളോടുള്ള വിരോധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച് വരുന്നു എന്നാണ്. തമിഴ്നാട്ടിൽ പെൺകുട്ടികളുടെ അനുപാതം 927ൽ നിന്ന് 921 ആയി കുറഞ്ഞു.
അന്താരാഷ്ട്ര നിലവാര സൂചികയിൽ ആൺ-പെൺ അനുപാതം 1000ത്തിന് 950 എന്ന നിരക്കിലാണ്.
കഴിഞ്ഞ വർഷങ്ങളായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൺ-പെൺ അനുപാതത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിൽ നിരാശ ജനിപ്പിക്കുന്നതായി ജനസംഖ്യാ ശാസ്ത്രജ്ഞനായ പ്രഫ. കുൽക്കർണി വ്യക്തമാക്കി. രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നു എന്ന് നാം അഭിമാനിക്കുമ്പോൾ ജനസംഖ്യാ നിരക്കിൽ വലിയ വ്യത്യാസം രേഖപ്പെടുത്തുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.