ജി.എസ്.ടി കൗണ്‍സില്‍ കടുത്ത എതിര്‍പ്പുമായി കേരളം
text_fieldsന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗണ്‍സിലിന്‍െറ പ്രവര്‍ത്തനത്തില്‍ കേരളം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പകുതിയിലേറെ സംസ്ഥാനങ്ങളുടെ അനുമതി ഭരണഘടനാ ഭേദഗതി ബില്ലിന് കിട്ടിയ ശേഷം കേന്ദ്ര സര്‍ക്കാറിന്‍െറ മട്ടും ഭാവവും മാറിയെന്നും സംസ്ഥാനങ്ങളെ സാമന്തന്മാരെപ്പോലെയാണ് കാണുന്നതെന്നും ധനമന്ത്രി തോമസ് ഐസക് തുറന്നടിച്ചു.
ഡല്‍ഹിയില്‍ ജി.എസ്.ടി കൗണ്‍സിലിന്‍െറ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന്‍െറ പെരുമാറ്റത്തില്‍ ഇതുപോലൊരു ഭാവമാറ്റം ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല. ജി.എസ്.ടി നികുതി നിരക്ക് നിര്‍ണയിക്കാനും മറ്റും ബാധ്യതപ്പെട്ട കൗണ്‍സിലില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പിന്തുണയോടെ കേന്ദ്രസര്‍ക്കാറിന് എന്തുമാവാമെന്ന സ്ഥിതിയാണ്. കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് സമവായത്തിന്‍െറ രീതിയില്ല. സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി നിര്‍ബന്ധമായും തുടരണം.
നികുതി നിരക്കു പോലുള്ള വിഷയങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല. കേന്ദ്രം നിശ്ചയിച്ചു നല്‍കുന്ന നടപടിക്രമങ്ങള്‍ സംസ്ഥാനങ്ങള്‍ അനുസരിച്ചു കൊള്ളണമെന്ന സ്ഥിതിയാണെന്ന് തോമസ് ഐസക് പറഞ്ഞു. കൗണ്‍സില്‍ വിളിച്ചത് തിടുക്കത്തിലാണ്. ധനമന്ത്രിമാര്‍ക്ക് മറ്റാരെയും പകരക്കാരായി അയക്കാന്‍ പറ്റില്ല. മന്ത്രി ഇല്ളെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പ്രവേശമില്ല. ഓരോ മന്ത്രിയും എവിടെ ഇരിക്കണമെന്ന് ചെയര്‍മാനായ കേന്ദ്ര ധനമന്ത്രി തീരുമാനിക്കും. സീറ്റില്‍ ഇരിക്കുന്നതിനു മുമ്പ് ഹാജര്‍ വെക്കണം.
രണ്ടു പതിറ്റാണ്ടായി ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍ പോലും സീറ്റിന് തര്‍ക്കമുണ്ടായിട്ടില്ല. ഹാജരിന്‍െറ പ്രശ്നവുമില്ല. സംസ്ഥാനത്തിന്‍െറ ധനമന്ത്രിമാരോടാണ് കേന്ദ്രം ഇങ്ങനെ പെരുമാറുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി കൗണ്‍സിലിന്‍െറ നടപടിക്രമങ്ങള്‍ നിശ്ചയിക്കാനാണ് രണ്ടുദിവസത്തെ യോഗം വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.