ഇ.എസ്.ഐ: കേരളത്തിന് ലഭിക്കാനുള്ള 56 കോടി ഒരു മാസത്തിനകം അനുവദിക്കും -കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ഇ.എസ്.ഐ കോര്‍പറേഷനില്‍നിന്ന് കേരളത്തിന് ലഭിക്കാനുള്ള 56 കോടി രൂപ ഒരു മാസത്തിനകം അനുവദിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ഉറപ്പുനല്‍കി. സംസ്ഥാനത്തെ ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ സ്വന്തമായി സ്ഥലസൗകര്യമുള്ളവ തിരഞ്ഞെടുത്ത് ആറു വീതം കിടക്കകളുള്ള ആശുപത്രികളായി വികസിപ്പിക്കും.
ഇവയെ എല്ലാ വിഭാഗം ആധുനിക ചികിത്സകളും ലഭ്യമാക്കുന്ന ആതുര സേവന കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് കേന്ദ്രം സാമ്പത്തികസഹായം നല്‍കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്മാര്‍ട് കാര്‍ഡും നല്‍കുന്നതിന് കരള സര്‍ക്കാര്‍ പുതുതായി ആവിഷ്കരിച്ച ‘ആവാസ്’ പദ്ധതിക്കും ഇവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്നാ ഘര്‍ ഭവന നിര്‍മാണ പദ്ധതിക്കും സാമ്പത്തിക സഹായം നല്‍കുന്ന കാര്യം കേന്ദ്രം പരിഗണിക്കും.
ഡല്‍ഹിയിലത്തെിയ സംസ്ഥാന തൊഴില്‍-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, നൈപുണ്യ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡി, തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടി.പി. രാമകൃഷ്ണന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ഇതുസംബന്ധിച്ച നിവേദനം നല്‍കി. ഐ.ടി.ഐകളെ മള്‍ട്ടി സ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളായി ഉയര്‍ത്തും. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ) കേന്ദ്രങ്ങളെ മാതൃക നൈപുണ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചക്കകം പുറപ്പെടുവിക്കും. കേരള അക്കാദമി ഫോര്‍ സ്കില്‍ ആന്‍ഡ് എക്സലന്‍സ് (കെ.എ.എസ്.ഇ) കോഴ്സുകള്‍ക്ക് ഓട്ടോമാറ്റിക് അഫിലിയേഷനുള്ള നടപടി ത്വരിതപ്പെടുത്തും. ഐ.ടി.ഐ കോഴ്സുകള്‍ക്ക് എന്‍.സി.വി.ടി അഫിലിയേഷന് നടപടി ത്വരിതപ്പെടുത്തും.
കേരളത്തില്‍ വരുമ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി രാജീവ് പ്രതാപ് റൂഡി ഉറപ്പുനല്‍കി. ഇ.എസ്.ഐയുടെ ചവറ, തൊടുപുഴ ആയുഷ് ഡിസ്പെന്‍സറികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നകാര്യം പരിഗണിക്കും. സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശിക്ഷ കര്‍ശനമാക്കുന്നതിന് എന്‍.ഡി.പി.എസ് 1985 കേന്ദ്ര ആക്ടിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തണമെന്ന കേരളത്തിന്‍െറ ആവശ്യം പരിഗണിച്ച് നിയമനിര്‍മാണം നടത്തുന്നതിന്‍െറ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന ലഹരിവര്‍ജന പ്രചാരണങ്ങള്‍ക്കും ജില്ലാ അടിസ്ഥാനത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ക്കുമായി കേരളം ആവശ്യപ്പെട്ട 100 കോടി രൂപ ധനസഹായം പരിഗണിക്കും.
ദേശീയതലത്തില്‍ ഡീ-അഡിക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ സ്ഥാപിക്കണമെന്നുള്ള ആവശ്യം കേന്ദ്രമന്ത്രി തത്ത്വത്തില്‍ അംഗീകരിച്ചു. തോട്ടം മേഖലയിലെയും വിവിധ ക്ഷേമനിധികളിലെയും തൊഴിലാളികളെയും ഇ.പി.എഫ് പെന്‍ഷന്‍കാരെയും ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി ജെ.പി നദ്ദക്ക് നിവേദനം നല്‍കി. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മാരാ പാണ്ഡ്യന്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്.യു. രാജീവ്, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായര്‍, അഡീഷനല്‍ ലേബര്‍ കമീഷണര്‍ മുരളീധരന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.