വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് വാട്ട്സപ്പിനോട് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ദാതാക്കളായ വാട്ട്സ് അപ്പിന് അതിൻെറ പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ട് പോകാമെന്ന് ഡൽഹി ഹൈകോടതി. അതേ സമയം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷയായ ബെഞ്ച് നിർദേശം നൽകി. ഉപയോക്താക്കളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിനെതിരെ രണ്ട് വിദ്യാർത്ഥികൾ ഡൽഹി ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യഹരജിയിലാണ് തീരുമാനം.
വ്യക്തിഗത വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുന്നത് സംബന്ധിച്ച തങ്ങളുടെ പുതിയ വ്യവസ്ഥകളും നിബന്ധനകളും സ്വീകരിക്കാൻ ആവശ്യപ്പെട്ട് ആഗസ്റ്റ് 25ന് വാട്ടസ്പ്പ് അതിന്റെ ഉപയോക്താക്കൾക്ക് സന്ദേശമയച്ചിരുന്നു. സെപ്റ്റംബർ 25 മുതലാണ് പുതിയ സ്വകാര്യത നയം വാട്ട്സപ്പ് നടപ്പിലാക്കുക.
അതേ സമയം സെപ്റ്റംബർ 25ന് മുമ്പുള്ള ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു. വാട്ട്സപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയതവരുടെ വിവരങ്ങൾ സംരക്ഷിക്കണമെന്നും അവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. എന്നാൽ തങ്ങളുടെ ആപ്പ് ഉപയോഗിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് വാട്ട്സപ്പ് അധികൃതർ വ്യക്തമാക്കി.
വാട്ടസപ്പ് അടക്കമുള്ള ഇൻസ്റ്റന്റ് മെസേജിങ് ദാതാക്കളെ നിലവിലുള്ള നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരാൻ ടെലികോം റെഗുലേറ്ററി ബോഡി, ടെലികോം റെഗുലേറ്ററി അതോറിറ്റി ഇന്ത്യ (ട്രായ്) എന്നിവരോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
വാട്ടസപ്പിൻെറ പുതിയ സ്വകാര്യതാ നയം വാണിജ്യ, പരസ്യ വിപണന ആവശ്യത്തിനായി ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കിടാൻ അനുവദിക്കുന്നുണ്ട്. ഇതിൽ ഉപയോക്താവിന്റെ കോൺടാക്ട് ലിസ്റ്റിലുള്ള ഫോൺ നമ്പറുകൾ വ്യക്തിയുടെ സ്വകാര്യത ലംഘിച്ചുകൊണ്ട് പങ്കിടുന്നതും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.