ഒാർമ്മകളിലേക്ക് മടങ്ങാനൊരുങ്ങി ഐ.എന്‍.എസ് വിരാട്
text_fieldsമുംബൈ: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന യുദ്ധവിമാനവാഹിനിയായ ഐ.എന്‍.എസ് വിരാട് ഡീകമ്മീഷനിങ്ങിന് മുന്നോടിയായുള്ള റീഫിറ്റിങ് പൂര്‍ത്തിയാക്കി. ബോയിലറകളും മറ്റും നീക്കം ചെയ്ത ഐ.എന്‍.എസ് വിരാട് ഡീകമ്മീഷനിങിനായി ഈമാസം അവസാനത്തോടെ കൊച്ചി വിടും. ഈ വര്‍ഷം അവസാനത്തോടെ മുംബൈയിലാണ് ഐ.എൻ.എസ് വിരാടിന്‍റെ ഡീകമ്മീഷനിങ് നടക്കുക.
ഇന്ത്യന്‍ നേവിയുടെ അവിഭാജ്യഘടകമായി നീണ്ട മൂന്ന് പതിറ്റാണ്ട്. ശ്രീലങ്കയിലെ ഓപറേഷന്‍ ജൂപിറ്റര്‍, കാര്‍ഗിലിലെ ഓപറേഷന്‍ വിജയ്, ഓപറേഷന്‍ പരാക്രമ, ഐ.എൻ.എസ് വിരാട് ഇന്ത്യന്‍ നാവികസേനക്ക് കരുത്ത് പകര്‍ന്ന സന്ദര്‍ഭങ്ങള്‍ നിരവധി. ഒടുവില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ യുദ്ധവിമാനവാഹിനി വിടപറയുകയാണ്. 1991 മുതല്‍ കൊച്ചിയില്‍ അറ്റകുറ്റപണിക്കെത്തിയിരുന്ന വിരാടിന് കൊച്ചി സ്വന്തം വീട് തന്നെയായിരുന്നു. ഐ.എന്‍എസ് വിരാടിന്‍റെ ആവസാനത്തെ കപ്പിത്താനും ഇത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍.
ആവിയന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ലേകത്തിലെ ഏക യുദ്ധവിമാനവാഹിനി കൂടിയാണ് ഐ.എന്‍.എസ് വിരാട്. റീഫിറ്റിങിനിടെ ബോയിലറുകളും മറ്റുമെല്ലാം നീക്കം ചെയ്ത വിരാട് ടഗ്ഗുകളുടെ സഹായത്തോടെയാണ് മുംബൈയിലേക്ക് മടങ്ങുക. ഡീകമ്മീഷനിങ്ങിനുശേഷം എന്തായിരിക്കും ഐ.എന്‍.എസ് വിരാടിന്‍റെ ഭാവിയെന്നത് ഇപ്പോഴും വ്യക്തമല്ല.
1987-ല്‍ ബ്രിട്ടീഷ് റോയല്‍ നേവിയില്‍ നിന്നാണ് വിരാടിനെ ഇന്ത്യ വാങ്ങിയത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ കൊച്ചിയിലായിരുന്നു കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. ഡീകമ്മീഷനിങ്ങിന് ശേഷം കപ്പല്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്ത് മ്യൂസിയം ആക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.