നാസയിൽ ജോലി ലഭിച്ചെന്ന് വ്യാജവാർത്ത; 20കാരനെ അറസ്റ്റ് ചെയ്തു
text_fieldsഭോപ്പാൽ: 1.8 കോടി രൂപ ശമ്പളമുള്ള ജോലി നാസയിൽ ലഭിച്ചെന്ന് വ്യാജവാർത്ത നൽകി കബളിപ്പിച്ച 20കാരനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. അമേരിക്കൻ ബഹിരാകാശ ഏജൻസിയിൽ ജോലി ലഭിച്ചെന്ന അവകാശവാദവുമായി എത്തിയ അൻസാർ ഖാനെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ളവരുടെ ഒപ്പുകൾ ഉപയോഗിച്ച് നിർമിച്ച വ്യാജ തിരിച്ചറിയൽ കാർഡ് പ്രതിയിൽ നിന്ന് കണ്ടെടുത്തു.
12ാം ക്ലാസ് മാത്രം പഠിച്ച യുവാവ് തനിക്ക് നാസയുടെ സ്പെയ്സ്, ഫുഡ് പ്രോഗ്രാം വിഭാഗത്തിൽ 1.85 കോടി രൂപ വാർഷിക ശമ്പളത്തിൽ ജോലി ലഭിച്ചതായി അവകാശപ്പെടുകയായിരുന്നു. ഈ മാസം മുതൽ ജോലിക്ക് പ്രവേശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. തുടർന്ന് ഇയാളുടെ അവകാശവാദം വിശ്വസിച്ച് സ്കൂൾ അധികൃതരും പ്രാദേശിക സംഘടനകളും നാസ ജോലി ആഘോഷിക്കാനായി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഒരു സമയത്ത് പ്രതിയെ ആദരിക്കാൻ എം.എൽ.എ വരെ എത്തി.
അതിനിടെ യുവാവിൻെറ കഴുത്തിൽ കണ്ട 'ഐഡന്റിറ്റി കാർഡ്' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശികാന്ത് ശുക്ലയെ സംശയത്തിലാക്കി. കാർഡിലെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഒപ്പാണ് സംശയം ബലപ്പെടുത്തിയത്. തുടർന്ന് യുവാവിൻെറ അവകാശവാദം പരിശോധിക്കാൻ അദ്ദേഹം ഉത്തരവിട്ടു. അന്വേഷണം നടത്തിയപ്പോൾ പ്രതിയുടെ തട്ടിപ്പ് വ്യക്തമായി. ഇതിനിടെ നാസയിലെ തന്റെ ശമ്പളം ലഭിച്ചാൽ തിരിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ പലരിൽ നിന്നായി പ്രതി പണം വാങ്ങുകയും ചെയ്തിരുന്നു. പ്രാദേശിക ഫോട്ടോ സ്റ്റുഡിയോയിൽ വെച്ചാണ് വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.