ഉറി ഭീകരാക്രമണം: മോദിക്ക് ശിവസേനയുടെ രൂക്ഷവിമര്‍ശം
text_fieldsമുംബൈ: ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഖ്യകക്ഷിയായ ശിവസേനയുടെ രൂക്ഷവിമര്‍ശം. 2014 ല്‍ മോദി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ ‘56 ഇഞ്ച് നെഞ്ചളവ്’ എന്ന പ്രയോഗത്തില്‍ പിടിച്ചാണ് സേനയുടെ ഒളിയമ്പ്. ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ തന്‍െറ വിരിഞ്ഞ നെഞ്ചിന് കഴിയുമെന്ന അര്‍ഥത്തിലായിരുന്നു അന്ന് മോദി പ്രസംഗിച്ചത്. എന്നാല്‍, ഇപ്പോള്‍ 56 ഇഞ്ച് നെഞ്ചളവ് ഉള്ളത് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനാണെന്നും ലോകരാഷ്ട്രങ്ങള്‍ വാക്കുകള്‍കൊണ്ട് മാത്രമാണ് ഇന്ത്യക്ക് പിന്തുണ നല്‍കുന്നതെന്നും സേന തങ്ങളുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തില്‍ ആരോപിച്ചു.
പാകിസ്താന്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബി.ജെ.പി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും അതുതന്നെയാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടിട്ടില്ല. ഭീകരാക്രമണത്തിന് ശേഷവും പാകിസ്താനുമായുള്ള സംയുക്ത സൈനികാഭ്യാസം റഷ്യ തുടരുകയാണ്. ചൈന ആക്രമണത്തെ അപലപിച്ചതുപോലുമില്ല. ഇന്തോനേഷ്യ ആയുധ വാഗ്ദാനം നല്‍കുകയും മറ്റ് മുസ്ലിം രാഷ്ട്രങ്ങള്‍ പാകിസ്താന് പിന്നില്‍ അണിനിരക്കുകയും ചെയ്തിരിക്കുകയാണ്. നേപ്പാള്‍ പോലും പാകിസ്താന്‍െറ അടുത്ത സുഹൃത്തായി നിലകൊള്ളുന്നു.
1971ല്‍ ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് ബംഗ്ളാദേശിനുവേണ്ടി പാകിസ്താനുമായി യുദ്ധം ചെയ്തപ്പോള്‍ സൈന്യത്തെ അയച്ചുതന്നാണ് റഷ്യ ഇന്ത്യയെ പിന്തുണച്ചത്. എന്നാല്‍, ഇന്ന് അത്തരത്തിലുള്ള ഒരു സഹായവാഗ്ദാനവും നമുക്ക് ലഭിച്ചിട്ടില്ല. പാകിസ്താന് പകരം ഇന്ത്യ ഒറ്റപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. പത്താന്‍കോട്ടിലും ഉറിയിലും പാകിസ്താന്‍ നമ്മുടെ സൈനികരുടെ ചോരയില്‍ തൊട്ടുകളിച്ചപ്പോള്‍ ഇന്ത്യ ഭീഷണി മുഴക്കുകമാത്രമാണ് ചെയ്യുന്നത്. വാക്കുകള്‍ക്ക് ഇനി പ്രസക്തിയില്ല. ഉരുളക്കുപ്പേരി പോലെ തിരിച്ചടി നല്‍കുകയാണ് വേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.