ബര്‍ദ്വാന്‍ സ്ഫോടന കേസില്‍ ഒളിവില്‍പോയ പ്രതികളടക്കം ആറു ഭീകരര്‍ അറസ്റ്റില്‍
text_fieldsകൊല്‍ക്കത്ത: 2014ലെ ബര്‍ദ്വാന്‍ സ്ഫോടന കേസിലെ നാലു പ്രതികളടക്കം ബംഗ്ളാദേശ് കേന്ദ്രമായ ആറു ജമാഅത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ കൊല്‍ക്കത്ത പൊലീസിന്‍െറ സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നും ഇതില്‍ മൂന്നു പേര്‍ ബംഗ്ളാദേശികളാണെന്നും ജോയന്‍റ് പൊലീസ് കമീഷണര്‍ വിശാല്‍ ഗാര്‍ഗ് അറിയിച്ചു.
ബര്‍ദ്വാന്‍ സ്ഫോടനത്തിനുശേഷം ഇവര്‍ ബംഗാള്‍ വിട്ട് ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കഴിയുകയായിരുന്നു. ബംഗാളില്‍ സംഘത്തിന്‍െറ തലവനായ അന്‍വര്‍ ഹുസൈന്‍ ഫാറൂഖ്, ഇയാളുടെ കൂട്ടാളിയായ യൂസുഫ് ശൈഖ് എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ശൈഖിന്‍െറ തലക്ക് 10 ലക്ഷം രൂപ എന്‍.ഐ.എ വിലയിട്ടിരുന്നു.
ബര്‍ദ്വാന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശഹീദുഇസ്ലാം, മുഹമ്മദ് റുബല്‍, അബ്ദുല്‍ കലാം, ജദീദുഇസ്ലാം എന്നിവരും അറസ്റ്റിലായി. ഇതില്‍ കലാമിന്‍െറ തലക്ക് മൂന്നു ലക്ഷവും റുബലിന് ഒരു ലക്ഷവും പൊലീസ് വിലയിട്ടിരുന്നു. വടക്കന്‍ പര്‍ഗാന ജില്ലയിലെ ബാസിര്‍ഹതിലെ നാറ്റുണ്‍ ബസാറില്‍നിന്നാണ് യൂസുഫ്, ശാഹിദുല്‍ എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് വിശാല്‍ ഗാര്‍ഗ് പറഞ്ഞു.
വടക്കന്‍ ബംഗാളിലെ കുച്ച്വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കലാമിനെയും അസമിലെ കച്ച്ഹര്‍ ജില്ലയില്‍നിന്ന് ജദീദിയെയും പിടികൂടുകയായിരുന്നു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഡിറ്റനേറ്ററുകള്‍, ബാറ്ററികള്‍, വയറുകള്‍, ബംഗ്ളാദേശ്, ഇന്ത്യന്‍ കറന്‍സികള്‍, ബംഗാളിയില്‍ എഴുതിയ കത്തുകള്‍, ട്രാവല്‍ ഗൈഡ് തുടങ്ങിയവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.