പാകിസ്താെൻറ അതിപ്രിയ രാഷ്ട്രപദവി ഇന്ത്യ പുന:പരിശോധിക്കുന്നു
text_fieldsന്യൂഡൽഹി: ഉറി സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനോടുള്ള നിലപാട് കടുപ്പിക്കുന്നു. പാകിസ്താന് നൽകിയ അതിപ്രിയ രാഷ്ട്ര പദവിഇന്ത്യ പുന:പരിശോധിക്കും. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി പ്രത്യേക യോഗം വിളിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പെങ്കടുക്കും.
1996ലാണ് പാകിസ്താന് ഇന്ത്യ അതിപ്രിയ രാജ്യ പദവി നൽകിയത്. എന്നാൽ പാകിസ്താൻ ഇന്ത്യക്ക് അതിപ്രിയ രാഷ്ട്ര പദവി നൽകിയിട്ടില്ല. അതിപ്രിയ രാജ്യ പദവിയുള്ള രാജ്യങ്ങൾക്കിടയിൽ വാണിജ്യ നേട്ടങ്ങളിൽ തുല്യതയുണ്ടായിരിക്കും. പദവി പിൻവലിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പരിമിതമാവും. അതേസമയം ഇന്ത്യയുടെ വിദേശ വ്യാപാരത്തിൽ ചെറിയ അംശം മാത്രമാണ് പാകിസ്താനുമായുള്ളത്.
ഉറി ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താനുമേൽ നയതന്ത്ര സമ്മർദങ്ങൾക്ക് അപ്പുറമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നേരത്തെ സിന്ധു നദീജല കരാർ റദ്ദാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തെങ്കിലും കരാറിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. അതേസമയം പാകിസ്താനിലേക്ക് വെള്ളം നൽകുന്ന മൂന്ന് നദികളിലെ ജലം കൂടുതലായി ഉപയോഗിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ജലകൈമാറ്റ കരാറിൽ നിന്ന് പിന്മാറുന്നത് യു.എൻ പോലുള്ള അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.