ഡൽഹി കലാപം: കള്ളക്കേസിൽ കുടുക്കിയ 10 പേരെ കോടതി വെറുതെ വിട്ടു; ‘സാക്ഷിമൊഴികളും തെളിവുകളും വിശ്വസനീയമല്ല’
text_fieldsന്യൂഡൽഹി: പൗരത്വനിയമത്തിനെതിരായ സമരം അടിച്ചമർത്താൻ അരങ്ങേറിയ ഡൽഹി കലാപത്തിനിടെ പൊലീസ് കള്ളക്കേസിൽ കുടുക്കിയ 10 പേരെ കോടതി വെറുതെ വിട്ടു. ഷാനു എന്ന മുഹമ്മദ് ഷാനവാസ്, മുഹമ്മദ് ഷുഹൈബ്, ഷാരൂഖ്, റാഷിദ് എന്ന രാജ, ആസാദ്, അഷ്‌റഫ് അലി, പർവേസ്, മുഹമ്മദ് ഫൈസൽ, റാഷിദ് എന്ന മോനു, മുഹമ്മദ് താഹിത് എന്നിവരെയാണ് ഡൽഹി കർക്കർദൂമ കോടതി വെറുതെ വിട്ടത്.
2020ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ഇവരെ പൊലീസ് പ്രതിചേർത്തിരുന്നത്. എന്നാൽ, അവർക്കെതിരായ ആരോപണങ്ങൾ സംശയാസ്പദമാണെന്നും തെളിവുകൾ പര്യാപ്തമല്ലെന്നും അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചൽ പറഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ മൂന്ന് സാക്ഷികളുടെ മൊഴികളും തെളിവുകളും വിശ്വസിക്കാനാകില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
2020 മാർച്ച് 1ന് ഗോകൽപുരി പൊലീസ് സ്‌റ്റേഷനിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 147, 148, 149, 436, 454, 392, 452, 188, 153 എ, 427, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 2020 ഫെബ്രുവരി 24 ന് ആയിരത്തിലധികം സായുധ കലാപകാരികൾ ബ്രിജ്പുരിയിലെ തന്റെ മൂന്ന് നില വീട്ടിൽ കയറി വീടിനോട് ചേർന്ന മൊബൈൽ ഷോപ്പ് കൊള്ളയടിച്ചു, വൈകീട്ട് നാലരയോടെ 50-60 പേരടങ്ങുന്ന ആൾക്കൂട്ടം വീണ്ടും വന്ന് ഉടൻ വീട്ടിൽ നിന്ന് പുറത്തുപോകണമെന്നും അല്ലെങ്കിൽ ജീവനോടെ ചുട്ടെരിക്കുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് സതീഷ് കുമാർ എന്നയാളുടെ പരാതി.
നരേന്ദ്രകുമാർ എന്നയാളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു എഫ്.ഐ.ആറിൽ വീട്ടിൽ നിന്ന് ജനക്കൂട്ടം 20 പവൻ സ്വർണവും 250 ഗ്രാം വെള്ളിയും ഒന്നര ലക്ഷം രൂപയും കൊള്ളയടിച്ചതായി പറയുന്നു. ആൾക്കൂട്ടം വീടിന് തീയിട്ടതായും പരാതിയുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരിയിൽ നടന്ന വംശീയ ആക്രമണത്തിൽ 53 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതുവരെ 750 കേസുകൾ രജിസ്റ്റർ ചെയ്തതിൽ ഭൂരിപക്ഷവും മുസ്‍ലിംകൾക്കെതിരെ കെട്ടിച്ചമച്ച കേസുകളാണെന്ന് വിവിധ കോണുകളിൽനിന്ന് ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.