ലോക്സഭ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ 14ൽ 13 സീറ്റിലും ഇൻഡ്യ സഖ്യം വിജയിക്കും - ഹേമന്ത് സോറൻ
text_fieldsറാഞ്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ 14ൽ 13 സീറ്റും ഇൻഡ്യ സഖ്യം നേടുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. തന്‍റെ പാർട്ടിയായ ജെ.ജെ.എം ഇൻഡ്യ സഖ്യത്തിന് പിന്നിൽ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ജാർഖണ്ഡിലെ 14ൽ 13 സീറ്റും ഇൻഡ്യ സഖ്യം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെ.ജെ.എം ഇൻഡ്യ സഖ്യത്തിന് പിന്നിൽ ശക്തമായി നിലകൊള്ളുമെന്നതിൽ ആർക്കും സംശയം വേണ്ട. എൻ.ഡി.എ പുറത്താകുന്നതിനുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഡിസംബർ 3 ന് പുറത്ത് വരുമ്പോൾ അത് തെളിയിക്കപ്പെടും"- ഹേമന്ത് സോറൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബി.ജെ.പി, വ്യാജ വാഗ്ദാനങ്ങളുടെ പേരിൽ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുകയാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവർക്ക് പുറത്തേക്കുള്ള വാതിൽ കാണിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഇ.ഡിയും സി.ബി.ഐയും മറ്റ് കേന്ദ്ര ഏജൻസികളും ഉൾപ്പെടെ എല്ലാ ശക്തികളെയും കേന്ദ്രം അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.