ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്; 1.35 ലക്ഷം കോടി രൂപയാണ് ഇത്തവണത്തെ ചെലവ്
text_fieldsകൊൽക്കത്ത: ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്ന് പഠനം. ചെലവിന്റെ കാര്യത്തിൽ ഇത്തവണ ചരിത്രം തിരുത്തുകയാണ് ലോക്സഭ തെരഞ്ഞെടുപ്പ്. ഏകദേശം 1.35 ലക്ഷം കോടി രൂപയാണ് ഇത്തവണ തെരഞ്ഞെടുപ്പ് ചെലവ്. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി തുകയാണിത്. 60,000 കോടി രൂപയായിരുന്നു 2019ലെ ചെലവ്. കഴിഞ്ഞ 35 വർഷമായി തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ച് പഠിക്കുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസാണ് കണക്ക് പുറത്തുവിട്ടത്. വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വരെയുള്ള മൂന്നുനാല് മാസത്തെ ചെലവുകളാണ് പരിഗണിച്ചത്.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സർക്കാറിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും നേരിട്ടും അല്ലാതെയുമുള്ള ചെലവുകളാണ് പഠനത്തിനായി കണക്കിലെടുത്തത്. ഇലക്ടറൽ ബോണ്ട് വെളിപ്പെടുത്തലുകൾക്ക് ശേഷം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും 1.2 ലക്ഷം കോടിയിൽനിന്ന് 1.35 ലക്ഷം കോടി രൂപയായി പരിഷ്കരിച്ചതായി സെന്റർ ഫോർ മീഡിയ സ്റ്റഡീസ് തലവനായ എൻ. ഭാസ്കര റാവു പറഞ്ഞു. കഴിഞ്ഞതവണ 60,000 കോടി രൂപ ചെലവഴിച്ചതിൽ 45 ശതമാനവും ബി.ജെ.പിയുടെതായിരുന്നു. ഇത്തവണ ഈ ചെലവ് ഉയരുമെന്നും ഭാസ്കര റാവു പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.