ബിർഭും അക്രമത്തിൽ 21 പേരെ പ്രതിയാക്കി സി.ബി.ഐ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭും ജില്ലയിൽ എട്ട് പേരെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിൽ 21 പേരെ പ്രതിയാക്കി സി.ബി.ഐ കേസെടുത്തു. പൊലീസിന്‍റെ പ്രതിപട്ടിക തന്നെയാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായ കൊലപാതകങ്ങൾക്ക് കഴിഞ്ഞയാഴ്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുള്ളതായി ആരോപണം ഉയർന്നിരുന്നു.
രാംപുർഹട്ടിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്തിട്ടുള്ള സി.ബി.ഐ സംഘം മുതിർന്ന ഉദ്യോഗസ്ഥനായ അഖിലേഷ് സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ച് കൊൽക്കത്ത ഹൈകോടതിയാണ് ഉത്തരവിട്ടത്. ഏപ്രിൽ ഏഴിന് അന്വേഷണ പുരോഗതി കാണിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഹാജരമാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കരുതെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം തള്ളികൊണ്ടാണ് കേസ് സംസ്ഥാന പൊലീസിൽ നിന്ന് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.
രാംപൂർഹട്ടിലെ സംഭവസ്ഥലം സന്ദർശിച്ച മമത ആക്രമണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ആരോപിച്ചിരുന്നു. ആധുനിക ബംഗാളിൽ നടക്കാൻ പാടില്ലാത്ത ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച മമത സംസ്ഥാന അന്വേഷണ സംഘം എല്ലാ കോണിൽ നിന്നും അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനാസ്ഥയുടെ പേരിൽ രാംപുർഹട്ടിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.