അന്തമാനിലെ 21 ദ്വീപുകൾക്ക് യോദ്ധാക്കളുടെ പേര്
text_fieldsന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ അന്തമാൻ-നികോബാർ ദ്വീപ്സമൂഹങ്ങളിലെ 21 ദ്വീപുകൾക്ക് പരമവീരചക്രം നേടിയ സൈനികരുടെ പേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126ാം ജന്മവാർഷിക വേളയിലാണ് ധീരതക്കുള്ള പരമോന്നത പുരസ്കാരം നേടിയ യോദ്ധാക്കളുടെ പേര് നൽകിയത്.
ഡൽഹിയിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് ദ്വീപുകളുടെ പുനർനാമകരണം പ്രധാനമന്ത്രി നിർവഹിച്ചത്. ഇതുവരെ പല പേരുകളിൽ അറിയപ്പെട്ട ദ്വീപുകൾക്കാണ് സൈനികരുടെ പേരു നൽകിയത്. ധൻസിങ് ദ്വീപ് ഇനി ലഫ്. കേണൽ ധൻസിങ് ഥാപ ദ്വീപായി. താരാപുർ ദ്വീപ് ഇനി ലഫ്. കേണൽ ആർഡേഷിർ ബുർസോർജി താരാപുർ ദ്വീപ്. രാമസ്വാമി ദ്വീപിന്റെ പേര് മേജർ രാമസ്വാമി പരമേശ്വരൻ ദ്വീപ് എന്നായി പുതുക്കി. ഇതുപോലെ മറ്റ് 18 ദ്വീപുകൾക്ക് ലാൻസ് നായിക് കരംസിങ്, നായിബ് സുബേദാർ ബനാ സിങ്, ലാൻസ് നായിക് ആൽബർട്ട് എക്ക, സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ ഖേത്രപാൽ, ലെഫ്റ്റനന്റ് മനോജ് കുമാർ പാണ്ഡെ, മേജർ ഹോഷിയാർ സിങ്, മേജർ ഷൈതൻ സിങ്, നായക് ജദുനാഥ് സിങ്, സുബേദാർ മേജർ യോഗേന്ദ്ര സിങ് യാദവ്, കമ്പനി ക്വാർട്ടർ മാസ്റ്റർ ഹവിൽദാർ അബ്ദുൽഹാമിദ്, സെക്കൻഡ് ലെഫ്റ്റനന്റ് രമ രഘോബ റാണെ, മേജർ രാമസ്വാമി പരമേശ്വരൻ, ക്യാപ്റ്റൻ വിക്രം ബത്ര, സുബേദാർ ജോഗീന്ദർ സിങ്, ക്യാപ്റ്റൻ ജി.എസ്. സലാരിയ, ഹവിൽദാർ മേജർ പിരു സിങ്, മേജർ സോംനാഥ് ശർമ, ഫ്ലൈയിങ് ഓഫിസർ നിർമൽജിത് സിങ് സെഖോൻ, സുബേദാർ മേജർ സഞ്ജയ് കുമാർ എന്നിവരുടെ പേരുകൾ നൽകി.
അന്തമാൻ-നികോബാർ ദ്വീപിൽ സ്ഥാപിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് സ്മാരകത്തിന്റെ മാതൃകയും നരേന്ദ്ര മോദി അനാവരണം ചെയ്തു. 2018ൽ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് നാമകരണം ചെയ്ത റോസ് ഐലന്റിലാണ് നേതാജി സ്മാരകം സ്ഥാപിക്കുന്നത്. മ്യൂസിയം, കേബിൾ കാർ റോപ്വേ, ലേസർ ദൃശ്യ-ശ്രാവ്യപ്രദർശനം തുടങ്ങിയവ ഇവിടെ സജ്ജീകരിക്കും. കോളനിവാഴ്ചയെ നിർഭയം ചെറുത്ത നേതാജി 1943ൽ ആദ്യമായി ദേശീയ പതാക ഉയർത്തിയത് അന്തമാനിലായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. നേതാജിയുടെ ജന്മവാർഷിക വേളയിൽ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ അന്തമാനിലെത്തിയതും ശ്രദ്ധേയമായി. അമിത് ഷാ നേതാജി സ്റ്റേഡിയത്തിൽ ത്രിവർണ പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.