ഡിഫൻസ് വളന്‍റിയറുടെ ക്രൂരകൊലപാതകം: ബലാത്സംഗം നടന്നെന്ന് കുടുംബം, സുപ്രീം കോടതിയെ സമീപിക്കും
text_fieldsന്യൂഡൽഹി: ഡൽഹി സിവിൽ ഡിഫൻസ് വളന്‍റിയറായ 21 കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാെനാരുങ്ങി കുടുംബം. കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കൂട്ടബലാത്സംഗത്തിനിരയായതായും യഥാർഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസും ഉന്നതരും ശ്രമിക്കുന്നതെന്നും ഇവർ ആരോപിച്ചു. കേസിൽ നിയമസഹായം നൽകുമെന്ന് പ്രമുഖ അഭിഭാഷകൻ മഹ്മൂദ് പ്രാച്ച അറിയിച്ചു. ഇദ്ദേഹം പെൺകുട്ടിയുടെ വീട് സന്ദർശിച്ചു.
ഹരിയാന അതിർത്തിയിലെ സൂരജ്കുണ്ഡിൽ ആഗസ്റ്റ് 27നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മാറിടം മുറിച്ചുമാറ്റുകയും സ്വകാര്യ ഭാഗങ്ങളിൽ മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തിട്ടുണ്ട്. അമ്പതോളം മുറിവുകൾ ശരീരത്തിലുണ്ട്. കൊലപാതകത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ പേരുണ്ടെന്നാണ് യുവതിയുടെ പിതാവിന്‍റെ ആരോപണം. യുവതിയെ കാണാതായ ഉടൻ ഡൽഹി സംഘംവിഹാറിലെ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി ലഭിച്ച ഉടനെ അന്വഷിക്കാൻ പൊലീസ് തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, യുവതിയുടെ ഭർത്താവെന്ന് അവകാശപ്പെടുന്ന നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹിതയായ വിവരം യുവതി ബന്ധുക്കളിൽ നിന്ന് മറച്ചുെവച്ചുരുന്നുവെന്നും നിസ്സാമുദ്ദീന്‍റെ സംശയം കാരണമാണ് ക്രൂരമായ കൊലപാതകം നടന്നതെന്നും പൊലീസ് ആവർത്തിക്കുന്നു. യുവതി കൂട്ട ബലാത്സംഗത്തിനിരയായതിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിവുകളില്ല. ശക്തമായ അടിയിലുണ്ടായ ക്ഷതമാണ് മരണകാരണമായി റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പൊലീസ് പറയുന്നത് ഇങ്ങനെ: ആഗസ്റ്റ് 26ന് കാളിന്ദികുഞ്ച് പൊലീസ് സ്റ്റേഷനിൽ വന്ന നിസാമുദ്ദീൻ എന്നയാൾ കൊലക്കുറ്റം ഏറ്റുപറഞ്ഞു. മൃതദേഹം ഹരിയാനയിലെ ഫരീദാബാദിൽ ഉപേക്ഷിച്ചുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. ഡൽഹി പൊലീസ് ഈ വിവരം ഹരിയാന പൊലീസിന് കൈമാറി. 27ാം തീയതി ഫരീദാബാദിലെ സൂരജ്കുണ്ഡിൽ നിന്ന് മൃതദേഹം കണ്ടെത്തി. യുവതിയും താനും രഹസ്യമായി രജിസ്റ്റർ വിവാഹം ചെയ്തവരാണെന്നും സംശയത്തിന്‍റെ പേരിലാണ് ഭാര്യയെ കൊന്നതെന്നും നിസാമുദ്ദീൻ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.