ജോധ്പുർ സംഘർഷം: അറസ്റ്റിലായത് 211 പേർ
text_fieldsജയ്പുർ: ഈദ് ആഘോഷത്തിന് മുന്നോടിയായി കൊടി സ്ഥാപിക്കുന്നതിനെച്ചൊല്ലി ജോധ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 211 പേരെന്ന് പൊലീസ്. വ്യാഴാഴ്ചയും കർഫ്യൂ തുടർന്നു.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 19 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡി.ജി.പി എം.എൽ. ലാതർ പറഞ്ഞു. 15 എഫ്.ഐ.ആറുകൾ ജനങ്ങളുടെ പരാതിപ്രകാരവും നാലെണ്ണം പൊലീസ് നേരിട്ടും രജിസ്റ്റർ ചെയ്യുകയായിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ മണ്ഡലമായ ജോധ്പുരിലെ ജലോരി ഗേറ്റ് സർക്കിളിൽ ഈദിന് മുന്നോടിയായി കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അർധരാത്രിയാണ് സംഘർഷവും കല്ലേറുമുണ്ടായത്. അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു.
പൊലീസ് ബന്തവസ്സിൽ ചൊവ്വാഴ്ച പുലർച്ചെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെങ്കിലും ജലോരി ഗേറ്റ് സർക്കിളിന് സമീപമുള്ള ഈദ്ഗാഹിൽ പ്രാർഥനക്കു ശേഷം രാവിലെ വീണ്ടും സംഘർഷം രൂക്ഷമായി. ജലോരി ഗേറ്റ് പരിസരത്ത് കടകൾക്കും വാഹനങ്ങൾക്കും വീടുകൾക്കും നേരെ കല്ലേറുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.