ഝാർഖണ്ഡിലെ ഗ്രാമത്തിൽ 20 ദിവസത്തിനിടെ മരിച്ചത് 22 പേർ; മരണകാരണം അവ്യക്തം, അന്വേഷണത്തിന് ഉത്തരവ്
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ പലാമു ജില്ലയിലെ ആദിവാസി ഗ്രാമത്തിൽ 20 ദിവസത്തിനിടെ മരിച്ചത് 22 പേർ. മരണകാരണം വ്യക്തമല്ലാത്തതിനാൽ അധികൃതർ അന്വേഷണത്തിന് നിർദേശം നൽകി.
മേദിനിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുവ കൗഡിയ ഗ്രാമത്തിലാണ് സംഭവം. കോവിഡ് 19നെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പരിശോധനക്ക് വിധേയമാക്കുകയോ ചികിത്സ നൽകുകയോ ചെയ്തിരുന്നില്ല.
സമീപ ജില്ലയായ ഹസാരിബാഗിലെ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 12 ദിവസത്തിനിടെ 10 മരണം സ്ഥിരീകരിച്ചതോടെ സംഭവം അന്വേഷിക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തിയിരുന്നു.
സുവ കൗഡിയയിൽ അടുത്തിടെ നടന്ന മരണങ്ങൾ അറിഞ്ഞിരുന്നുവെന്നും കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും പലാമു ഡെപ്യൂട്ടി കമ്മീഷണർ ശശിരജ്ഞൻ പറഞ്ഞു.
ജില്ല ആസ്ഥാനത്തിന് 10 കിലോമീറ്റർ അകലെയാണ് ഗ്രാമം. ഏപ്രിൽ 25 മുതൽ മേയ് 15 വരെയാണ് മരണങ്ങൾ സംഭവിച്ചത്. മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഗ്രാമത്തിൽ വിപുലമായ കോവിഡ് പരിശോധന ക്യാമ്പ് നടത്തുമെന്നും ചികിത്സ സൗകര്യമൊരുക്കുമെന്നും ഡിവിഷനൽ കമീഷണർ ജഡശങ്കർ ചൗധരി പറഞ്ഞു. മരണത്തെക്കുറിച്ച് അന്വേഷിക്കാനും അദ്ദേഹം ഉത്തരവിട്ടു.
ഝാർഖണ്ഡിൽ വെള്ളിയാഴ്ച 2056 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 60 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 4714 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.