24 മണിക്കൂറിനിടെ 22 ഭൂകമ്പം...ഭീതിയുടെ മുൾമുനയിൽ പോർട്ട് ബ്ലയർ തീരം
text_fieldsപോർട്ട് ബ്ലയർ (ആൻഡമാൻ): ആൻഡമാൻ കടലിൽ 24 മണിക്കൂറിനിടെ 22 ഭൂകമ്പങ്ങൾ. ഇതോടെ ആശങ്കയിലാണ്ടിരിക്കുകയാണ് പോർട്ട് ബ്ലയർ തീരം. 20ലധികം ഭൂകമ്പങ്ങളും റിക്ടർ സ്കെയിലിൽ 3.8നും 5.0നും ഇടയിലുള്ളവയാണ്. തിങ്കളാഴ്ച രാവിലെ 5.42നാണ് ഭൂകമ്പ പരമ്പരക്ക് തുടക്കമായതെന്ന് ദേശീയ ഭൂകമ്പശാസ്ത്ര പഠന കേന്ദ്രം അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 8.05ന് കിഴക്കു പടിഞ്ഞാറൻ തീരത്ത് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.
പോർട് ബ്ലയറിന് 215 കി.മീ മാറി കിഴക്ക്-തെക്കുകിഴക്ക് ഭാഗത്തായി കടലിൽ റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇതിൽ ഏറ്റവും തീവ്രമായത്. ഇന്നലെ പോർട്ട് ബ്ലെയറിന് തെക്ക്-കിഴക്കായി 256 കിലോ മീറ്റർ അകലെ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷനൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ആൻഡമാനിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിനിടെ, അസമിൽ ചൊവ്വാഴ്ച രാവിലെ 3.73 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ജമ്മു കശ്മീരിൽ തിങ്കളാഴ്ച 3.2 തീവ്രതയിൽ ഭൂചലനം ഉണ്ടായിരുന്നു. ഇതിലും ആളപായവും മറ്റ് ദുരന്തങ്ങളും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.12 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ സ്ഥാനം ദോഡ മേഖലയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 2005 ഒക്ടോബർ എട്ടിന് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 80,000-ത്തിലധികം ആളുകൾ ഇവിടെ കൊല്ലപ്പെട്ടിരുന്നു.
കർണാടകയിൽ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലും കഴിഞ്ഞ ദിവസം റിക്ടർ സ്കെയിലിൽ 2.2 രേഖപ്പെടുത്തിയ ചെറുഭൂചലനം ഉണ്ടായിരുന്നു. വിജയനഗരയിൽ 2.1 രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി. ഇത്തരം ചെറു ഭൂകമ്പങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവാറില്ലെന്നും ജനങ്ങൾ പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നും കർണാടക ദുരന്ത നിവാരണ അതോറിറ്റി കമീഷണർ മനോജ് രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.