യു.പിയിൽ കോവിഡ് പോസിറ്റീവായ ആയിരത്തിലേറെ പേരെ ഇനിയും കണ്ടെത്താനായില്ല
text_fieldsലഖ്നോ: കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ച 1100ഓളം പേരെ കണ്ടെത്താൻ കഴിയാതായതോടെ യു.പി തലസ്ഥാനമായ ലഖ്നോവിൽ ഭീതിത സാഹചര്യം. പരിശോധന നടത്തിയ കേന്ദ്രങ്ങളിൽ പേരും വിലാസവും ഉൾപ്പെടെ തെറ്റായി നൽകിയവരെയാണ് ഇനിയും കണ്ടെത്താൻ കഴിയാത്തത്.
ജൂലൈ 23 മുതൽ 31 വരെ നടന്ന കോവിഡ് പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ച 2290 പേരാണ് പരിശോധന കേന്ദ്രങ്ങളിൽ തെറ്റായ വ്യക്തിവിവരങ്ങൾ നൽകിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അധികൃതർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് 2290 പേർ തങ്ങളുടെ പേര്, ഫോൺ നമ്പർ, വിലാസം തുടങ്ങിയവ തെറ്റായി നൽകിയതായി കണ്ടെത്തിയത്. തുടർന്ന് ഇവർക്കായി അന്വേഷണം ആരംഭിച്ചു.
പൊലീസിന്‍റെ സഹായത്തോടെ ഇവരിൽ 1171 പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ശേഷിക്കുന്ന 1100ഓളം പേരെ കുറിച്ച് യാതൊരു വിവരവുമില്ല. ഇവരെ ക്വാറന്‍റീനിലാക്കാനോ മുൻകരുതലെടുക്കാനോ കഴിയാത്തത് വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് കാരണമാകുമെന്ന ഭീതി ഉയർന്നിരിക്കുകയാണ്.
തെറ്റായ വിവരങ്ങൾ പരിശോധന കേന്ദ്രങ്ങളിൽ നൽകിയവർക്കെതിരെ നിയമനടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു. പരിശോധന നടത്തുന്നതിന് മുന്നോടിയായി വ്യക്തികളുടെ വിവരങ്ങൾ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്താൻ എല്ലാ ലാബുകൾക്കും ആശുപത്രികൾക്കും നിർദേശം നൽകിയതായി ലഖ്നോ പൊലീസ് കമീഷണർ സുജിത് പാണ്ഡേ പറഞ്ഞു.
ഞായറാഴ്ച 391 കേസുകളാണ് ലഖ്നോവിൽ മാത്രം റിപ്പോർട്ട് ചെയ്തത്. യു.പി സംസ്ഥാനത്ത് 3953 കേസുകളും 53 മരണവും ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.