സസ്പെൻഷനിലായ കേരള എം.പിമാർ 23; ലക്ഷദ്വീപിലെ ഏക എം.പിക്കും സസ്പെൻഷൻ
text_fieldsന്യൂഡൽഹി: ചൊവ്വാഴ്ച നാല് കേരള എം.പിമാർകൂടി സസ്പെൻഡ് ചെയ്യപ്പെട്ടതോടെ ആകെ സസ്പെൻഷനിലായ കേരള എം.പിമാരുടെ എണ്ണം 23 ആയി. ഇതുകൂടാതെ ലക്ഷദ്വീപിൽനിന്നുള്ള ഏക എം.പി മുഹമ്മദ് ഫൈസലിനെയും ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തു. കേരളത്തിൽനിന്നുള്ള എം.പിമാരായ ശശി തരൂർ, കെ. സുധാകരൻ, അടൂർ പ്രകാശ് (കോൺഗ്രസ്), അബ്ദുസ്സമദ് സമദാനി (മുസ്ലിംലീഗ്) എന്നിവരെയാണ് ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തത്.
കെ.സി. വേണുഗോപാൽ, ജെബി മേത്തർ ഹിശാം (കോൺഗ്രസ്), ബിനോയ് വിശ്വം, പി. സന്തോഷ് കുമാർ (സി.പി.ഐ), ഡോ. വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം (സി.പി.എം), ജോസ് കെ. മാണി (കേരള കോൺഗ്രസ്-എം) എന്നിവരെ രാജ്യസഭയിൽനിന്നും കെ. മുരളീധരൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്) എന്നിവരെ ലോക്സഭയിൽനിന്നും തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, ബെന്നി ബെഹനാൻ, വി.കെ ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവരാണ് നേരത്തേ സസ്പെൻഷനിലായ കേരള എം.പിമാർ.
നടപടി ‘നമോക്രസി’ കൊണ്ടുവരാനെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: എം.പിമാരെ സസ്പെൻഡ് ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. ഡെമോക്രസിക്ക് പകരം നമോക്രസി കൊണ്ടുവരാനാണ് സമ്പൂർണ ശുദ്ധീകരണമെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. അദാനി ഓഹരി ഉടമകളുടെ അടുത്ത വാർഷിക യോഗം ലോക്സഭ ചേംബറിൽ നടക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.പിയുമായ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. പ്രതിപക്ഷമില്ലാത്ത പാർലമെന്റ് എന്തിനാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സി.പി.ഐ രാജ്യസഭ എം.പി ബിനോയ് വിശ്വം ചോദിച്ചു. ഇന്ത്യക്ക് ജനാധിപത്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ബില്ലുകൾ ചർച്ച കൂടാതെ പാസാക്കാനാണ് പ്രതിപക്ഷമുക്ത ലോക്സഭയാക്കിയതെന്ന് ശശി തരൂർ പറഞ്ഞു.
രാജ്യസഭയിലും സമാനമായത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പാർലമെന്റ് ഉത്തര കൊറിയൻ അസംബ്ലിയുടേതിന് സമാനമാക്കാനുള്ള നടപടിയാണെന്ന് കോൺഗ്രസ് എം.പി കാർത്തിക് ചിദംബരം കുറ്റപ്പെടുത്തി. പാർലമെന്റിൽ അതിക്രമിച്ച് കയറാൻ അവസരമൊരുക്കിയ ബി.ജെ.പി നേതാവ് എം.പിയായി തുടരുകയാണെന്നും പ്രതികരിച്ചവർ പുറത്തായെന്നും ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.