കാനഡയിൽ കാർ മോഷ്ടാക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു
text_fieldsടൊറന്റോ: കാനഡയിൽ ഫുഡ് ഡെലിവറി പാർട്ണർ ആയി ജോലി ചെയ്തിരുന്ന 24 വയസുള്ള ഇന്ത്യൻ വിദ്യാർഥി മരിച്ചു. കാർ മോഷ്ടാക്കളുടെ ക്രൂര മർദനത്തിൽ പരിക്കേറ്റാണ് ഗുർവിന്ദർ നാഥ് കൊല്ലപ്പെട്ടത്. ജൂലൈ ഒമ്പതിന് മിസ്സിസ്സാഗ്വാസിലെ ബ്രിട്ടാനിയയിൽ വെച്ചാണ് ഇന്ത്യൻ വിദ്യാർഥിക്കു നേരെ അതിക്രമം നടന്നത്.
അക്രമി സംഘം ഓർഡർ നൽകിയ പിസ നൽകാനായി എത്തിയതായിരുന്നു ഗുർവിന്ദർ. ഗുർവിന്ദർ സഞ്ചരിച്ച കാർ തട്ടിയെടുക്കാൻ ശ്രമിച്ച അജ്ഞാത സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഗുർവിന്ദർ ഉടൻതന്നെ ബോധരഹിതനായി.
സംഭവത്തിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടതായി കനേഡിയൻ പൊലീസ് പറഞ്ഞു. ഡ്രൈവറെ ഈ പ്രത്യേക പ്രദേശത്തേക്ക് എത്തിക്കുന്നതിനുള്ള മാർഗമായാണ് പ്രതികൾ ഭക്ഷണത്തിന് ഓർഡർ നൽകിയത്. ആക്രമണത്തിന് മുമ്പ് നൽകിയ പിസ ഓർഡറിന്റെ ഓഡിയോ റെക്കോർഡിങ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി പീൽ റീജ്യനൽ പൊലീസിന്റെ ഹോമിസൈഡ് ബ്യൂറോയിലെ ഇൻസ്പെക്ടർ ഫിൽ കിംഗ് പറഞ്ഞു.
ഭക്ഷണവുമായി എത്തിയ ഗുർവിന്ദർ നാഥിനെ അക്രമിസംഘം മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗുർവിന്ദർ നാഥിനെ അദ്ദേഹത്തിന്റെ സഹായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജൂലൈ 14ന് മരിച്ചു. വിദ്യാർഥിയുടെ മരണം തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായും ടൊറന്റോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സിദ്ധാർഥ് നാഥ് പറഞ്ഞു.
കൊലപാതകത്തിൽ കനേഡിയൻ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണം നടന്ന് മണിക്കൂറുകൾക്കം സംഭവ സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ അക്രമികൾ തട്ടിയെടുത്ത നാഥിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. വാഹനം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയതായുംപ്രതികളെ സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു. അക്രമികൾക്ക് നാഥിനെ മുൻപരിചയമില്ലായിരുന്നു. ജൂലൈ 27 ന് നാഥിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും. 2021 ജൂലൈയിലാണ് നാഥ് കാനഡയിലെത്തിയത്. ഇവിടെ സ്വന്തം നിലക്ക് ബിസിനസ് നടത്താനായിരുന്നു ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.