റെയിൽവെ ട്രാക്കിൽ 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ്; അട്ടിമറി ഗൂഢാലോചനയെന്ന് പൊലീസ്
text_fieldsപിലിബിത്ത് (ഉത്തർപ്രദേശ്): റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി. ജഹാനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിലിഭിത്-ബറേലി റെയിൽവേ ട്രാക്കിലാണ് സംഭവം. സംഭവത്തിൽ അജ്ഞാതർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
നവംബർ 22ന് രാത്രി 9:20 ന് ലാലൂരി ഖേഡയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് 12 എം.എം വ്യാസമുള്ള 25 അടി നീളവുമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. ഇതുവഴി വന്ന 05312 നമ്പർ ട്രെയിൻ ഇരുമ്പ് ദണ്ഡിൽ തട്ടിയതിനെ തുടർന്ന് അൽപനേരം നിർത്തിയിട്ടതായി സിറ്റി സർക്കിൾ ഓഫിസർ ദീപക് ചതുർവേദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൊലീസ്, റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) സംഘങ്ങൾ വിഷയം അന്വേഷിക്കാൻ സ്ഥലം സന്ദർശിച്ചു. ജഹാനാബാദിനും ഷാഹി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ക്രോസിന് സമീപത്തെ ട്രാക്കിലാണ് ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. സംഭവത്തിൽ അട്ടിമറിക്കുള്ള ഗൂഢാലോചന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സമീപകാലത്ത് ഉത്തർപ്രദേശിൽ സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർഥിച്ചു.
ഒക്‌ടോബർ ആറിന് റായ്ബറേലിയിലെ രഘുരാജ് സിങ് റെയിൽവേ സ്‌റ്റേഷനു സമീപം പാളത്തിൽ മൺകൂന കണ്ടതിനെ തുടർന്ന് പാസഞ്ചർ ട്രെയിൻ പിടിച്ചിട്ടിരുന്നു. ഒക്‌ടോബർ രണ്ടിന് കാൺപൂർ ദേഹത് ജില്ലയിലെ അംബിയപൂർ റെയിൽവേ സ്‌റ്റേഷനു സമീപം അഗ്നിശമന ഉപകരണമാണ് അജ്ഞാതർ ട്രാക്കിൽ ഉപേക്ഷിച്ചത്. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഇത് കണ്ടത്. കാൺപൂരിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപം സെപ്തംബർ 22 ന് ഗുഡ്‌സ് ട്രൈൻ കടന്നുപോകവെ പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിരുന്നു. തുടർന്ന് എമർജൻസി ബ്രേക്കിട്ടതിനെ തുടർന്നാണ് ദുരന്തം ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.