രാമനഗരയിലെ ഫാം ഹൗസിൽനിന്ന് 25 മനുഷ്യ തലയോട്ടികൾ പിടിച്ചെടുത്തു
text_fieldsബംഗളൂരു: രാമനഗരയിലെ ഫാം ഹൗസിൽ പൂജക്ക് ഉപയോഗിച്ചിരുന്ന 25 തലയോട്ടികളും നൂറുകണക്കിന് എല്ലുകളും പൊലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ജൊഗര ദൊഡ്ഡി വില്ലേജ് സ്വദേശി ബലറാം അറസ്റ്റിലായി. മനുഷ്യ തലയോട്ടികളും എല്ലുകളും പൂജ ആവശ്യത്തിനായി ഇയാൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബിഡദി പൊലീസാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. ഗ്രാമത്തിനടുത്തുള്ള ശ്മശാനത്തിൽ തലയോട്ടികൾ വെച്ച് ബലറാം പൂജ നടത്തുന്നത് ശ്രദ്ധയിൽപെട്ട ഗ്രാമവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ധരും ഇയാളുടെ ഫാം ഹൗസിൽ പരിശോധന നടത്തി.
ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ മനുഷ്യന്റെ എല്ലുകൾ കണ്ടെടുത്തു. എല്ലുകൾ കൊണ്ട് ഇയാൾ കിടക്കയും ഒരുക്കിയിരുന്നു. ഫാം ഹൗസിലെത്തുമ്പോൾ ഈ കിടക്കയിലാണ് ഇയാൾ വിശ്രമിച്ചിരുന്നത്. പിടിച്ചെടുത്ത തലയോട്ടികളുടെയും എല്ലുകളുടെയും പഴക്കം ഫോറൻസിക് വിദഗ്ധർ പരിശോധനക്ക് വിധേയമാക്കും. ബിഡദി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഇയാളുടെ ഫാം ഹൗസുള്ളത്. ഈ സ്ഥലം ഇയാൾ വ്യവസായത്തിനെന്ന പേരിൽ പാട്ടത്തിനെടുക്കുകയായിരുന്നെന്നാണ് വിവരം. ഫാം ഹൗസിലേക്കുള്ള വഴിയിൽ ‘ശ്രീ ശ്മശാന കാളിപീഠ’ എന്ന ബോർഡും വെച്ചിട്ടുണ്ട്. തന്റെ പൂർവികരുടെ കാലം മുതൽ തലയോട്ടികൾ അവിടെയുണ്ടെന്നാണ് പ്രതിയുടെ വാദം. എന്നാൽ, പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. തലയോട്ടികളും മറ്റും ശ്മശാനങ്ങളിൽനിന്ന് ശേഖരിച്ചതാണോ അതോ നരബലി നടത്തിയിരുന്നോ എന്ന കാര്യവും അന്വേഷണ വിധേയമാക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.