25 കിലോ സ്വർണം കടത്തി; അഫ്ഗാൻ ആക്ടിങ് അംബാസഡർ രാജിവെച്ചു
text_fieldsമുംബൈ: കഴിഞ്ഞ മാസം 25ന് 25 കിലോ സ്വര്‍ണം കടത്തിയ സംഭവം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ അഫ്ഗാനിസ്താൻ ആക്ടിങ് അംബാസഡർ സാക്കിയ വര്‍ദക് സ്ഥാനം രാജിവെച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്.ഐ) മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് 18.6 കോടി രൂപയുടെ സ്വർണവുമായി സാക്കിയയെ പിടികൂടിയത്. ജാക്കറ്റിലും ലെഗ്ഗിങ്സിനുള്ളിലും ബെല്‍റ്റിലുമാണ് ആക്ടിങ് അംബാസഡർ സ്വര്‍ണം ഒളിപ്പിച്ചത്. വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തിപ്പെടുത്തലും കാരണം ഫലപ്രദമായി പ്രവർത്തിക്കാനാകുന്നില്ലെന്ന് രാജി പ്രഖ്യാപിച്ച് സാക്കിയ എക്സിൽ അറിയിച്ചു.
നിരന്തരവും ഏകോപിതവുമായ ആക്രമണങ്ങൾ സഹിക്കാവുന്ന പരിധി കടന്നതായി ആക്ടിങ് അംബാസഡർ പറഞ്ഞു. അതേസമയം, സ്വർണക്കടത്തിന്റെ കാര്യം സാക്കിയ പരാമർശിക്കുന്നില്ല. മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറലായി രണ്ട് വർഷത്തോളം പ്രവർത്തിച്ച സാക്കിയ, കഴിഞ്ഞ നവംബറിലാണ് ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ചുമതല ഏറ്റെടുത്തത്. രാജിയെക്കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. നയതന്ത്ര പരിരക്ഷ കാരണം സാക്കിയയെ അറസ്റ്റ് ചെയ്തിരുന്നില്ല. ദുബൈയില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ മകനൊപ്പം മുംബൈയിലെത്തിയ ഉദ്യോഗസ്ഥയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയും പരിശോധനയില്‍ സ്വര്‍ണം കണ്ടെടുക്കുകയുമായിരുന്നു. ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോകുന്നതിനിടെയാണ് രണ്ടുപേരെയും ഡി.ആര്.ഐ. സംഘം തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.