സൽമാൻ ഖാനെ വധിക്കാൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ; എ.കെ 47 അടക്കമുള്ള തോക്കുകൾ പാകിസ്താനിൽ നിന്ന്; മുംബൈ പൊലീസ് കുറ്റപത്രം ഞെട്ടിപ്പിക്കുന്നത്..!
text_fieldsന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാനെ മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിൽ വെച്ച് കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷം രൂപയുടെ ക്വട്ടേഷനെന്ന് മുംബൈ പൊലീസ് കുറ്റപത്രം.
ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാറെടുത്തതെന്ന് നവി മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സംഘവുമായി ബന്ധപ്പെട്ട അഞ്ചാളുകളുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.
പാകിസ്താനിൽ നിന്ന് അത്യാധുനിക ആയുധങ്ങളായ എ.കെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത തോക്കായ സിഗാനയും വാങ്ങാനൊരുങ്ങുകയായിരുന്നു പ്രതികൾ.
18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെയാണ് സംഘം വാടകക്ക് എടുത്തത്. ഇവരെല്ലാം പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിച്ചുകഴിയുകയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
60 മുതൽ 70 വരെ ആളുകൾ സൽമാൻ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ബാന്ദ്രയിലെ ഹൗസ്, പൻവേൽ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലുമായിരുന്നു നിരീക്ഷണം.
വധിക്കാനുള്ള പദ്ധതി തയാറാക്കിയത് 2023 ആഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു. വ്യാഴാഴ്ച ഹരിയാനയിലെ പാനിപത്തില്‍ നിന്നും അറസ്റ്റ് ചെയ്ത സുഖ എന്നയാള്‍ അജയ് കശ്യപ് അഥവാ എ.കെ എന്ന ഷൂട്ടറെയും മറ്റുനാലുപേരെയുമാണ് കൊലക്കായി നിയോഗിച്ചിരുന്നത്.
സൽമാൻ ഖാനുള്ള കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും കൊലപാതകം നടത്താൻ അത്യാധുനിക ആയുധങ്ങൾ ആവശ്യമായി വരുമെന്ന നിഗമനത്തിലായിരുന്നു ഇവർ.
ആയുധ ഇടപാടിൻ്റെ നിബന്ധനകൾ ചർച്ച ചെയ്യുന്നതിനിടെ ഷാളിൽ പൊതിഞ്ഞ എ.കെ-47 ഉം മറ്റ് അത്യാധുനിക ആയുധങ്ങളും കാണിച്ച് സുഖ പാകിസ്താൻ ആസ്ഥാനമായുള്ള ആയുധ വ്യാപാരി ഡോഗറുമായി വീഡിയോ കോളിലൂടെ ബന്ധപ്പെട്ടിരുന്നു. ആയുധങ്ങൾ നൽകാൻ ഡോഗർ സമ്മതിക്കുകയും ചെയ്തു. അതേസമയം 50 ശതമാനം അഡ്വാൻസ് നൽകാനും ബാക്കി തുക ഇന്ത്യയിൽ ഡെലിവറി ചെയ്യുമ്പോൾ നൽകാനും സമ്മതിച്ചു.
കാനഡ ആസ്ഥാനമായുള്ള ഗുണ്ടാനേതാക്കളായ ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് എന്നിവരുടെ നിര്‍ദേശത്തിനായി ഷൂട്ടര്‍മാര്‍ കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നടനെ വെടിവച്ച ശേഷം കന്യാകുമാരിയിൽ ഒത്തുകൂടാനും അവിടെ നിന്ന് ബോട്ടിൽ ശ്രീലങ്കയിലേക്കും തുടർന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് എത്താൻ കഴിയാത്ത രാജ്യത്തേക്കും പോകാനും ഷൂട്ടർമാർ നടത്തിയ പദ്ധതിയും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.
സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവയ്പ്പ് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സല്‍മാന്‍ ഖാന്റെ പന്‍വേല്‍ ഫാം ഹൗസ് ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.
അതേസമയം, മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിനെ തുടർന്ന് സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.