വെള്ളപ്പൊക്കം: ഉത്തരേന്ത്യയിൽ മരണം 389
text_fieldsലഖ്നോ/പട്ന: ഉത്തരേന്ത്യയിലെ ബിഹാർ, ഉത്തർപ്രദേശ്, അസം സംസ്ഥാനങ്ങളെ ദുരിതത്തിലാഴ്ത്തി ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നു. ഞായറാഴ്ച മാത്രം മൂന്നു സംസ്ഥാനങ്ങളിലായി 88 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 389 ആയി.
ബിഹാറിൽ തിമർത്തുപെയ്യുന്ന മഴ 18 ജില്ലകളിൽ 1.26 േകാടി പേരെയാണ് ബാധിച്ചത്. മരണസംഖ്യ 253 ആയി ഉയർന്നു. അറാരിയയിൽ 57ഉം സീതാമഢിയിൽ 31ഉം പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ചമ്പാരൻ 29, കതിഹാർ 23, പൂർവ ചമ്പാരൻ 19 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ മരണനിരക്ക്.
ഉത്തർപ്രദേശിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി. രണ്ടു ദിവസങ്ങൾക്കിടെ മാത്രം 33 പേർ മരിച്ചിട്ടുണ്ട്. 24 ജില്ലകളിലായി 2,523 ഗ്രാമങ്ങളിലെ 20 ലക്ഷം പേർ വെള്ളപ്പൊക്ക കെടുതിയിലാണ്. 39,783 േപരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി ദുരിതാശ്വാസ കമീഷണർ അറിയിച്ചു.
നേപ്പാളിൽനിന്നു ഉദ്ഭവിക്കുന്ന നദികളിലൂടെ എത്തുന്ന വെള്ളവും തുടർച്ചയായി പെയ്യുന്ന കനത്ത മഴയുമാണ് പ്രളയകാരണം. ഷർദ, ഗാഗ്ര, രപ്തി, ബുധി രപ്തി, രോഹിൻ, ക്വാനോ നദികൾ കരകവിഞ്ഞൊഴുകുകയാണ്. പലിയ കലൻ, എൽഗിൻ ബ്രിഡ്ജ്, അയോധ്യ, തുർതിപർ (ബലിയ), ബൽറാംപുർ, ബൻസി, റിഗൗലി എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പ്രളയത്തെത്തുടർന്ന് കിഴക്കൻ യു.പിയിൽ വൻ നാശനഷ്ടമാണുണ്ടായത്. കനത്തമഴ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. അസമിൽ മരിച്ചവരുടെ എണ്ണം 67 ആയി. 16 ജില്ലകളിലായി 22 ലക്ഷം പേർ മഴക്കെടുതികളുടെ ഇരകളാണ്. മൂന്നു തവണയായാണ് സംസ്ഥാനത്ത് മഴ കനത്ത വെള്ളപ്പൊക്കത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.